“” അമ്മക്കിപ്പോ എങ്ങനുണ്ട്…!! വേദനയുണ്ടോ…! “”
“” ഇപ്പൊ കുഴപ്പൊന്നുല്ല മോനെ… ഇടക്ക് ചെറിയ വേദന തോന്നും… വേറെ കുഴപ്പൊന്നുല്ല””
ഞാൻ ചോദിച്ചതിന് അമ്മ മറുപടി തന്നു.
“” രണ്ടാഴ്ചത്തേക്ക് കൂടെ ബെഡ്റസ്റ്റ് പറഞ്ഞിട്ടുണ്ട്… വേറെ കുഴപ്പൊന്നല്ല. മാസത്തിലൊരുതവണ ചെക്അപ്പ് പറഞ്ഞിട്ടുണ്ട്… “
അമൽ വിശദീകരിച്ചു.
കുറച്ചുനേരം അവിടെ ചിലവഴിച്ച് അവൻ കൊണ്ടുവന്ന നാരങ്ങാ വെള്ളവും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.
“” അമൽ… അയാം എക്സ്ട്രീമിലി സോറി…!! അന്ന് എന്തോ ഞാൻ നല്ല മൂഡിൽ അല്ലായിരുന്നു !. അതുകൊണ്ട് പറ്റിപ്പോയതാ..!! “”
പുറത്തിറങ്ങി യാത്ര പറയുമ്പോൾ
താടക ക്ഷമ ചോദിക്കുന്നത് കേട്ട് ഞാനവളെ മിഴിച്ചു നോക്കി. ഇവൾ ഇവനോട് ഓഫീസിൽ വച്ച് സോറി പറഞ്ഞിരുന്നെന്ന് കേട്ടിട്ട് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെയിപ്പോ…! ഇനിയെന്റെ കണ്ണും ചെവിയുമൊക്കെ അടിച്ചുപോയതായിരിക്കുവോ…!!
“” ഹേയ്… എന്താ മാഡം… നിങ്ങളന്ന് ചെയ്തത് നിങ്ങടെ ഡ്യൂട്ടിയല്ലേ… കേട്ടപ്പോ കുറച്ച് വിഷമം തോന്നീന്നുള്ളത് സത്യന്തന്നെയാ…! പക്ഷേ ഞാനത് മനസില് വച്ചിട്ടൊന്നുല്ല…!! “”
അങ്ങനെ കുറച്ച് നേരത്തെ സെന്റിയടി കഴിഞ്ഞ് താടക വന്ന് വണ്ടീൽ കേറി. അവനോടൊരിക്കെ കൂടി യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
തിരിച്ച് ഫ്ലാറ്റിൽ എത്തുമ്പോ ഉച്ചയായിരുന്നു.
ചെറുതായി വിശന്നുതുടങ്ങീട്ടുണ്ട്.
പക്ഷേ കഴിക്കാനൊന്നുമിരിപ്പില്ല !.
അമ്മയുണ്ടായിരുന്നത് കൊണ്ട് ജിൻസി ഫുഡ് ഉണ്ടാക്കാറില്ലായിരുന്നു. പിന്നെ ഞങ്ങള് പുറത്തൂന്ന് കഴിക്കൂന്ന് ഓർത്താവണം അമ്മയും ഒന്നുമുണ്ടാക്കിവച്ചില്ല.
പെട്ടല്ലോ ഭഗവാനെ…!!
വീണ്ടുമെന്റെ പാചക വൈഭവം പരീക്ഷിക്കേണ്ടിവരൂന്ന് ഏറക്കുറെ ഉറപ്പായി. അതോടെ ഞാൻ യൂട്യൂബിൽ റിസർച്ച് തുടങ്ങി. എന്തായാലും അമ്മപറഞ്ഞിട്ട് വാങ്ങിവച്ച ചിക്കനിൽ കുറച്ച് ഫ്രിഡ്ജിലിരിപ്പുണ്ട്. അതുകൊണ്ട് ചിക്കനും നെയ്ച്ചോറും വെക്കാമെന്ന് കരുതി.