ഒടുവിൽ കുറേ രാത്രികൾ നീണ്ട ചർച്ചകൾക്കും വാക്കേറ്റത്തിനുമൊടുവിൽ വല്യമ്മയെവിളിച്ച് കാര്യങ്ങൾ തീർപ്പാക്കിയെന്നും, അവിടെയുള്ള ഏതോ പേരുകേട്ടകോളേജിൽ എനിയ്ക്ക് അഡ്മിഷൻ ശരിയാക്കിയെന്നും അമ്മ പറഞ്ഞവസാനിപ്പിച്ച അടുത്തനിമിഷം ഞാൻ ബാഗ് പാക്ക്ചെയ്യാൻ തുടങ്ങിയിരുന്നു. അച്ഛന്റെ മുനവെച്ച സംസാരങ്ങളും ഉപദേശവും നാഴിക നീളുംതോറും ഏറിവന്നിട്ടും ഞാനതിലൊന്നും ശ്രദ്ധകൊടുത്തില്ല.
അവസാനം, അമ്മയോടു യാത്രപറഞ്ഞുകൊണ്ട് കണ്ണൂർക്ക് വണ്ടിപിടിയ്ക്കുമ്പോൾ അവസാനമായി അച്ഛൻപാകിയ നോട്ടത്തിനേയും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിയ്ക്കുയായിരുന്നു.
മോനേ.. കണ്ണൂരെത്തി കേട്ടോ..
ദീർഘനേരത്തെ യാത്രയ്ക്കൊടുവിൽ അരികിലിരുന്ന ചേച്ചി തട്ടിവിളിച്ച് സ്ഥലമെത്തിയെന്നു പറഞ്ഞപ്പോഴായിരുന്നു
കാഴ്ച്ചകൾ കോറിയിടാൻ മത്സരിയ്ക്കുന്നതിനിടയിൽ എപ്പോഴോ അടഞ്ഞുപോയ മിഴികൾ ഞാൻ ശ്രെമപ്പെട്ടു തുറന്നത്.
രാത്രിയിൽ ഏതോ സ്റ്റേഷനിൽനിന്നു കേറിയ ആ ചേച്ചിയോട് കുഞ്ഞൊരു പുഞ്ചിരിയുടെ മേലാപ്പോടെ അപരിചിതത്വം ഒഴിവാക്കുമ്പോൾ സ്ഥലമെത്തിയാൽ അറിയിക്കണമെന്നൊരു ആവശ്യംകൂടെ ഞാനവരെ എല്പിച്ചിരുന്നു. അതുകൃത്യമായി നിർവഹിച്ചതിന്റെ ചിരി ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
ബാഗൊക്കെ എങ്ങനെയോ തപ്പിപ്പെറുക്കിയെടുത്ത് തിരക്കിട്ട് ഇറങ്ങാനൊരുങ്ങുമ്പോൾ കറുപ്പ്നിറത്തിൽ കണ്ണൂർ എന്നെഴുതിയ മഞ്ഞ ബോർഡ് ഞാൻകണ്ടു.
കണ്ണൂരെന്നാൽ പറശ്ശിനിക്കടവ് മുത്തപ്പനെന്ന് മാത്രമറിയാവുന്ന ഞാൻ.. ഭാഷയോ സംസ്കാരമോ രീതികളോ പരിചയിച്ചിട്ടില്ലാത്ത ഞാൻ.. ചെറുപ്പത്തിൽ എപ്പോഴൊക്കെയോ വന്നുപോയതാണ് ഇവിടെ. വെക്കേഷന് പലതവണ വന്നുനിൽക്കാൻ വല്യമ്മ കെഞ്ചിപറഞ്ഞിട്ടും എന്റെ തല്ലു കൊള്ളിത്തരങ്ങളെ അത്രമേൽ പ്രോത്സാഹിപ്പിക്കുന്ന സ്വന്തം മണ്ണുവിട്ടുപോരാൻ എനിയ്ക്കുപറ്റില്ലെന്ന ഒറ്റക്കാരണത്തിൻപുറത്ത് ഞാൻ നിഷേധിച്ചിട്ടുണ്ട് ഇങ്ങോട്ടുള്ളവരവ്.
എന്നാൽ കാലം കരുതി വെച്ചതെന്ന പോലെ ആദിയെന്നു വിളിപ്പേരുള്ള അദ്വൈതെന്ന ഞാൻ വീണ്ടും കണ്ണൂരിലേയ്ക്ക് പറിച്ചുനടപ്പെട്ടിരിയ്ക്കുന്നു. എന്നാൽ ഈ വരവ് വെറും വരവല്ലായെന്ന് മനസ്സുപറയുമ്പോലെ ഒരു തോന്നൽ.
ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ പരിചിതമായൊരു മുഖമുണ്ടോയെന്ന് തിരയുകയായിരുന്നൂ എന്റെ കണ്ണുകൾ. ഒടുവിൽ ആരെയും കാണാതെ വന്നപ്പോൾ പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് ബെഞ്ചിലിരുന്നു. അപ്പോഴേയ്ക്കും അമ്മയുടെ കോളുംവന്നു.
ഹലോ.. ഡാ.. എത്തിയോ?
എത്തി.. റെയിൽവേ സ്റ്റേഷനിൽ ഇരിയ്ക്കുവാ..
ആണോ? എന്നാ അവിടെത്തന്നെ ഇരിയ്ക്ക്.. ധ്വനിയിപ്പോൾ വരും.. ഞാൻ വിളിച്ചായ്രുന്നു..
ആ.. ശെരി..
ഞാൻ കോള് കട്ടാക്കി.
ആലോചിച്ചപ്പോൾ ഈ പറഞ്ഞ ധ്വനിചേച്ചിയെയൊക്കെ കണ്ടിട്ട് വർഷം നാലഞ്ചായി. അന്ന് ചേച്ചിയുടെ കല്യാണംകൂടിയതിൽ പിന്നെ നേരിട്ടൊന്നു കണ്ടിട്ടുകൂടിയില്ല. ഇപ്പൊ അവര് ഡിവോഴ്സായിട്ടുതന്നെ വർഷം മൂന്നുകഴിഞ്ഞു. ഒന്നു കാണുകയോ വിളിയ്ക്കുകയോ മിണ്ടുകയോപോലും ചെയ്യാത്ത ഇവരെയൊക്കെ ഞാനെങ്ങനെ കണ്ടുപിടിയ്ക്കാനാണ്?