പാടവരമ്പിലൂടെയുള്ള നടത്തത്തിനിടയിലാണ് തൊട്ടടുത്ത കണ്ടത്തിൽ ആവേശകരമായ ചെളിപുരണ്ട ഫുട്ബോൾ മത്സരം നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
മഴ നനഞ്ഞുകുളിച്ചു നിൽക്കുന്ന ആ പച്ചപ്പിനിടയിലെ ആ കളി മനോഹരമായ ഒരു കാഴ്ചയായിരുന്നു. തനു പെട്ടെന്ന് തന്നെ തന്റെ വിലകൂടിയ ഫോണെടുത്ത് ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി.
അതിനിടയിലാണ് കളിക്കാർക്കിടയിൽ നിന്നും ആഞ്ഞുതൊഴിച്ച ഫുട്ബോൾ ഉരുണ്ട് അവർ നിൽക്കുന്ന വരമ്പിന് താഴേക്ക് വന്നത്. ബോൾ എടുക്കാനായി ഒരു ചെറിയ പയ്യൻ ചെളിയിലൂടെ ഓടിവന്നു….
ആവേശത്തോടെയുള്ള അവന്റെ ഓട്ടത്തിനിടയിൽ ചെളിവെള്ളം തെറിച്ച് വരമ്പിൽ നിന്നിരുന്ന തനുവിന്റെ വെള്ള ചുരിദാറിൽ വീണു. രണ്ടുമൂന്ന് വലിയ ചെളിപ്പാടുകൾ അവളുടെ വേഷത്തിൽ തെളിഞ്ഞു കണ്ടു.
തന്റെ പ്രിയപ്പെട്ട വെള്ള ചുരിദാറിൽ ചെളിയായതും തനുവിന്റെ നിയന്ത്രണം വിട്ടു. ഉള്ളിലെ അഹങ്കാരവും ദേഷ്യവും ഒരുമിച്ച് പുറത്തുവന്നു. ആ ചെറിയ പയ്യനെ നോക്കി അവൾ രൂക്ഷമായി കയർത്തു.
”Hey, are you blind? കണ്ണ് കണ്ടൂടെ നിനക്ക്? Look what you just did! എന്റെ ഡ്രസ്സ് മുഴുവൻ കൊളാക്കി വെച്ചേക്കുന്നു. Seriously, don’t you guys have any common sense?”
ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നുതുടുത്തു.
അവളുടെ അപ്രതീക്ഷിതമായ ചൂടാവൽ കേട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന ബാക്കി കുട്ടികളും കളി നിർത്തി വരമ്പിലേക്ക് അടുത്തു വന്നു.
അവർക്കൊപ്പം ആ ചെളിയിൽ കളിക്കാൻ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനും അവളിലേക്കടുത്തു…..