” മോനെ, ചെറിയമ്മ കുടുങ്ങി പോയതാ..”
പ്രതീക്ഷിക്കാതെ പെട്ടെന്നവർ കാലിലേക്ക് വീണ ഷോക്കിലും ആദ്യം നോക്കിയത് ജയനെ ആയിരുന്നു..അവൻ ഭയപ്പാടോടെ എന്നെ നോക്കി കൊണ്ട് ഒരു മൂലയിലേക്കിരുന്നു ..
”നമുക്ക് സംസാരിക്കാം ,ചെറിയമ്മ ആദ്യം എഴുന്നേൽക്ക് , ഉം ,..’;’
പിസ്റ്റലിന്റെ കുഴൽ തലയിൽ തട്ടിയപ്പോൾ അവർ ഭീതിയോടെ കൈകൂപ്പി എഴുന്നേറ്റു ഭിത്തിയിലേക്ക് ചാരി നിന്നു..
”ആദ്യം ഈ കോലമൊന്നു മാറ്റ് ,ഇവിടുത്തെ ബാത്ത് റൂം ശരിയാക്കിയിട്ടില്ലേ ,”
അവർ ഉണ്ടെന്നു തലയാട്ടി..
”കുളിച്ചു മാറാൻ ഡ്രെസ്സില്ലെങ്കിൽ പോയി എടുത്തു വരാം ,”
”വേണ്ട ,പൂജ കഴിഞ്ഞു ഇങ്ങോട്ടു താമസം മാറുന്നത് കൊണ്ട്, ഇന്നുച്ചയ്ക്ക് ഡ്രെസ്സൊക്കെ ഇങ്ങോട്ടു കൊണ്ട് വന്നിരുന്നു..”
”എന്നാൽ നിങ്ങള് രണ്ടാളും കുളിച്ചു ഡ്രസ്സ് മാറ്റ് ,ഞാൻ പുറത്തു നിൽക്കാം.. ”
കയ്യിൽ തോക്കും കണ്ണിൽ ആത്മവിശ്വാസവും ഉണ്ടെങ്കിലും ഉള്ളിൽ ചെറിയ ഭയമുണ്ട് ,അമ്മയും മോനും കൂടി വല്ലതും ചെയ്‌താൽ ,കൂട്ടിനു അഞ്ജു ചേച്ചിയെ കൂടി വിളിച്ചാലോ ,വേണ്ട …,തല്ക്കാലം ഇത് ഒറ്റയ്ക്ക് മതി.വൈത്തിയെ പൊക്കിയത് ഇത്രയും പേരല്ലാതെ വേറാരും അറിയരുത്..അരുണിന്റെ സർവ്വസൈന്യാധിപനാണ് വൈത്തി , ഒരു പക്ഷെ ക്രൂരതയിൽ അവനെ കടത്തി വെട്ടുന്നവൻ , ഏതെങ്കിലും രീതിയിൽ വിവരം പുറത്തറിഞ്ഞാൽ പിന്നെ മരണത്തേക്കാൾ ക്രൂരമായ ശിക്ഷകളാകും ഞങ്ങൾക്ക് വിധിക്കപ്പെടുക..എസ് ഐ സോമനെ തന്നെ പറഞ്ഞു വിട്ടത് ഇപ്പോൾ വേണ്ടായിരുന്നെന്നു തോന്നുന്നു..
മൊബൈൽ കുറച്ചു നേരമായി പോക്കെറ്റിൽ കിടന്നു വൈബ്രെറ്റ് ചെയ്യുന്നു..
”നീയിതെവിടെയാ ..?”
അമ്മയാണ്..
”ഞാൻ ഉറക്കം വന്നപ്പോൾ എന്തെങ്കിലും കുടിക്കാൻ കിട്ടുമോന്നു തിരക്കി ഇപ്പൊ അമ്പലപ്പടിയിലേക്ക് വന്നതാ ,”
”കള്ളം പറയല്ലേ മോനെ ,കുറച്ചു മുന്നേ കൂടി ഞാനവിടെ മൊത്തം നോക്കിയതാണല്ലോ ? ”
സത്യം, ഞാൻ ഇന്നോവയിൽ തന്നെ ഉണ്ടായിരുന്നു ,സംശയമുണ്ടേൽ അഞ്ജു ചേച്ചിയോട് ചോദിച്ചു നോക്ക് ,ചേച്ചിയെന്നെ കണ്ടതാ ,,”
”അഞ്ജുവിനോട് അല്ലെ …? ഉം ,പറ്റിയ ആളോടാ ഞാൻ ചോദിക്കേണ്ടത്, ആ..അത് പോട്ടെ നിനക്കൊന്നും കഴിക്കേണ്ടേ ,നിന്‍റെ ചെറിയമ്മായി മോന്റെ ഒപ്പമേ കഴിക്കൂന്നു പറഞ്ഞു തിരഞ്ഞു നടക്കുന്നുണ്ട്..വേഗം വാ എല്ലാം തണുത്തു..”
പോയി വരുന്നതാകും നല്ലതു ,ഇല്ലെങ്കിൽ പറഞ്ഞ കള്ളങ്ങൾ പൊളിയാൻ സാധ്യതയുണ്ട് ..
”ജയാ ,ചെറിയമ്മയെവിടെ ,”
”അമ്മ കുളിക്കാൻ കയറി ,”
”ചെറിയമ്മ ഇറങ്ങുമ്പോഴേക്കും ഞാൻ കാവിലൊന്നു പോയിട്ട് വരാം .നിങ്ങള് വല്ലതും കഴിച്ചോ ?”
അവൻ ഇല്ലെന്നു തലയാട്ടി..