എന്റെ കണ്ണുകളിൽ ഇരുട്ട് കയറി വരുന്നത് പോലെ. ആകെ എനിക്ക് കാണാൻ സാധിക്കുന്നത് വെള്ളത്തിനടിയിൽ കാണുന്ന ഒരു പച്ച ചുരിദാർ ആണ്. താൻ തോറ്റിട്ടില്ല എന്ന് അറിയിക്കാൻ എന്നോണം മുങ്ങി കിടക്കുന്ന ശിവ ചേച്ചി.. ശ്വാസം മുട്ടി മരിച്ചവർ ഒക്കെ ഇതേ അവസ്‌ഥയിലൂടെ കടന്നു പോയിട്ട് ഉണ്ടാകുമെന്ന് ഞാൻ ഓർത്തു. എന്തൊരു ഭയാനകം ആയ അവസ്‌ഥ ആണ്.. കുറച്ചു മുന്നേ ശിവ ചേച്ചി പറഞ്ഞ പെൺകുട്ടിയുടെ കഥ ഞാൻ ഓർത്തു. ആ പെൺകുട്ടിയും ശ്വാസം മുട്ടി ആവില്ലേ മരിച്ചത്.. ശിവ ചേച്ചി ഉണ്ടാക്കി പറഞ്ഞ കഥയാണോ അതെന്ന് എനിക്ക് ഉറപ്പില്ല. എന്നാലും അത് സത്യം ആണെങ്കിൽ ആ പെണ്ണ് ഞാൻ ഇപ്പൊ കടന്നു പോയ അവസ്‌ഥ അറിഞ്ഞിട്ട് ഉണ്ടാകണം.. കണ്ണുകളിൽ ഇരുട്ട് വല്ലാതെ പടർന്നു ശിവേച്ചിയുടെ അടയാളം ആയ പച്ച ചുരിദാർ കൂടി കാണാൻ കഴിയുന്നില്ല. എന്റെ ബോധം മറയുകയാണോ..? പതിയെ എന്റെ കൈകൾ പാറയിൽ നിന്നും വേർപെട്ടു. അവിടെ ഇനിയും പിടിച്ചു ഇരിക്കാൻ ഞാൻ ശ്രമിച്ചാൽ പോലും എനിക്ക് കഴിയില്ല
കണ്ണുകളിൽ ഇരച്ചു കയറി വന്ന ഇരുട്ടിനൊപ്പം ഞാൻ മറ്റൊന്ന് കൂടി കണ്ടു. വെളുത്ത വസ്ത്രം ധരിച്ച ഒരു പെൺകുട്ടി എനിക്ക് നേരെ നീന്തി വരുന്നു. അവളെ എനിക്ക് വ്യക്തമായി കാണാം. വെള്ളത്തിന്റെ കലക്കൽ ഇല്ലാതെ തെളിച്ചത്തിൽ എനിക്ക് അവളെ കാണാം. ആ പെണ്ണിന്റെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ട്. കണ്ണുകൾ മാത്രമല്ല. അവളുടെ ശരീരവും വല്ലാതെ തിളങ്ങുന്നു. അല്ല വിളറി വെളുത്തിരിക്കുന്നു. ഒരുപാട് നേരം വെള്ളത്തിൽ കിടന്നാൽ കയ്യൊക്കെ കുതിർന്നു വെളുക്കില്ലേ..? അത് പോലെ. ദേഹം മുഴുവൻ അത് പോലെ വെളുത്തിരിക്കാൻ ഇവൾ ഒരുപാട് നേരം ആയി വെള്ളത്തിൽ ആയിരിക്കുമല്ലോ…? ഒരുപാട് നേരമല്ല.. ഒരുപാട് കാലം…. ഇതാ പെൺകുട്ടി ആണ്. ശിവേച്ചി മുന്നേ പറഞ്ഞ കഥയിലെ മുങ്ങി മരിച്ച പെൺകുട്ടി..