ആരോടു ചോദിക്കും എന്റെ ഡിപ്പാർട്മെന്റ് എവിടെ ആണെന്ന്
കേട്ടറിവ് മാത്രം വെച്ചാണ് ഞാൻ BA എടുക്കാൻ തീരുമാനിച്ചത്.. ഇതിപ്പോ ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നു
കൊറച്ചു നേരം ഫോണിൽ നോക്കി നിന്നു…
സമയം പോയികൊണ്ടേ ഇരിന്നു.. ഇനിയും നിന്നാൽ ശെരിയാവില്ലെന്ന് കരുതി ഞാൻ അകത്തേക്ക് നടന്നു
വരാന്തയിലൂടെ കൊറച്ചു കറങ്ങി നടന്നപ്പോൾ ആണ് ദൂരെ നിന്ന് ഒരുത്തൻ വായി നോക്കുന്നത് കണ്ടത്
പുറത്തുകൂടെ നടന്നു പോകുന്ന കൊറച്ചു പെൺപിള്ളേരെ നോക്കി വായും പൊളിച്ചു നിൽക്കുന്നു
കറുപ്പിൽ ചുവന്ന മഷി കോരി ഒഴിച്ചത് പോലൊരു കളറുള്ള ഒരു ഷർട്ടും കറുത്ത പാന്റും ഇട്ട് തൂണിൽ ചാരിയാണ് നിൽപ്പ്
പുറത്ത് ചെറിയൊരു ബാഗും തൂക്കി ഇട്ടിട്ടുണ്ട്
കണ്ടപ്പോഴേ മനസിലായി ഇവനീ കോളേജിലെ ഒരു പ്രധാന കോഴി ആവാൻ സാധ്യത ഉണ്ടെന്നു
എന്തായാലും ഇവനോട് എന്റെ ക്ലാസ്സ് അറിയാമോന്ന് ചോദിക്കാം എന്ന് കരുതി അവന്റെ അടുത്തേക്ക് നടന്നു
അവന്റെ പിറകിൽ എത്തിയിട്ട് പോലും അവൻ അറിഞ്ഞില്ല… ചെയ്യുന്ന ജോലിയിൽ നീതി പുലർത്തുന്ന ഒരുത്തൻ ആണെന്ന് തോന്നുന്നു അവൻ
“ഹലോ….”
അവന്റെ തോളിൽ തോണ്ടി നോക്കി
“ആരടെ..?
പെട്ടെന്ന് തിരിഞ്ഞു നിന്നോകൊണ്ടവൻ ചോദിച്ചു… ലവൻ മലയാളി ആയിരുന്നോ
ചുമ്മാതല്ല…പരിസരബോധം പോലും ഇല്ലാതെ വെള്ളമിറക്കി നിന്നത്
“Bro മലയാളി ആണല്ലേ…?
“അതേ..നീയും മലയാളി ആണല്ലേ…”
ആദ്യമായി ഒരു മലയാളിയെ കണ്ട ഫീൽ ആണ് അപ്പൊ അവന്റെ മുഖത്തു
സന്തോഷവും അത്ഭുതവും ഒക്കെ നിറഞ്ഞൊരു ഭാവം
“മച്ചാനെ ഇവിടൊരു മലയാളിയെ കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… വന്നപ്പോ തൊട്ട് ഞാനീ കോളേജ് ഒരു 3-4 വട്ടം കറങ്ങി.. മരുന്നിനു പോലും ഒറ്റ എണ്ണത്തിനെ കിട്ടിയില്ല…”
അവൻ എന്നോട് പറഞ്ഞു.. നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു അവൻ
“അതിന് ആരോടെങ്കിലും ചോദിക്കണം.. അല്ലാണ്ട് ഇതുപോലെ വായി നോക്കി നിന്നാൽ എങ്ങനെ കിട്ടാനാ..”
“ചോദിച്ചതാ മച്ചാനെ.. അപ്പോ ഒണ്ട് തിരിച്ചു ഹിന്ദിയിലും കന്നഡയിലും ഒക്കെ ഉത്തരം വരുന്നു… തുളു വരെ ഉണ്ടായിരുന്നു ഇടക്ക്..”
“തുളുവോ…?
“ആന്നെ… ഞാൻ കേൾക്കാത്ത ഏതൊക്കെയൊ ഭാഷ… ഇനിയും എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ..”