ഞാൻ പറഞ്ഞത് കേട്ട അമ്മു കുത്തേണ്ട സ്ഥലം സ്വയം നോക്കുന്നുണ്ട്. എന്നിട്ട് തലകുലുക്കി കാട്ടി…
“ഇതൊക്കെ കാണിച്ചു തന്നെന്നു പറഞ്ഞിട്ട് അവസാനം എന്റെ കൂമ്പിന് കുത്തരുതെട്ടോ അമ്മൂസെ…ഞാൻ പാവോല്ലേ…”
കൊഞ്ചി ചിരിച്ചു അമ്മുവിന്റെ മടിയിൽ തലയും വെച്ചു കിടന്നപ്പോൾ മുല്ലപ്പല്ലു കാട്ടി പെണ്ണ് ചിരിച്ചു.
“ഏട്ടന്….അവിടെ ആരുടേലും കയ്യീന്ന് കുത്തു കിട്ടീട്ടുണ്ടോ…”
വായപൊത്തി പതിയെ ചിരിച്ചു അമ്മു ചോദിച്ചു.
“പോടി കുരുപ്പേ, അമ്മാതിരി ചെറ്റത്തരം ഒന്നും ഞാൻ ചെയ്യത്തില്ല….. ഇതു നിന്റെ ഊള എക്‌സ് ഇല്ലേ എന്റെ അനിയൻ തെണ്ടി അവനുമായി കുഞ്ഞിലെ ഇടി പിടിച്ചു കളിച്ചപ്പോൾ അറിയാതെ അവന്റെ കൈ കൊണ്ടൊരു കുത്തു അവിടെ കിട്ടി… ഹോ അന്ന് ശ്വാസം കിട്ടാതെ കണ്ണും മിഴിച്ചു കിടന്ന എന്നെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്…”
ഞാൻ പറഞ്ഞു തീർന്നതും പെണ്ണ് കുനിഞ്ഞു വന്നു എന്റെ നെഞ്ചിൽ കടിച്ചു…
“ഔ….അമ്മൂ…വിടടി….ഊ…”
“ഇനി എന്നെ അവനുമായി കൂട്ടി പറയരുതെട്ടാ….നിക്ക് അത് ഇഷ്ടല്ലാ…”
കവിൾ വീർപ്പിച്ചു അമ്മു പറഞ്ഞതും അവിടെ ചൂണ്ടു വിരൽ കുത്തി ഞാൻ സോറി പറഞ്ഞു…
” ഇന്നലെ ഇവിടെ എന്തൊക്കെയാ കാട്ടിക്കൂട്ടിയെന്നു വല്ല ഓർമയും ഉണ്ടോ മോൾക്ക്….എന്താ പറ്റിയെന്നു അറിയാതെ ഞാനും വല്ലാതെ ആയി….”
ഞാൻ ചോദിച്ചത് കേട്ട അമ്മു എന്നെ കിടത്തി എനിക്ക് മേലെ കേറി കിടന്ന് എന്റെ നെഞ്ചിൽ തല വെച്ചു.
“അന്ന്…. എനിക്കൊരു എട്ട് ഒൻപതു വയസ്സ് ഉണ്ടാവും… തറവാട്ടിൽ കല്യാണം ആയി എല്ലാവരും കൂടിയിട്ടുണ്ടായിരുന്നു…. ഞങ്ങൾ പിള്ളേരെല്ലാം കൂടി അത്രേം കുട്ടികളെ ഒരുമിച്ചു കിട്ടിയതുകൊണ്ടു എന്തു കളിക്കണം എന്നറിയാതെ ഓടിപ്പാഞ്ഞു നടക്കുന്ന നേരം… അവസാനം ഞങ്ങൾ എല്ലാവരും ഒളിച്ചു കളിക്കാൻ … അന്ന് ഞാനിട്ട പട്ട് പാവാടയുടെ ചുവപ്പ് ഇപ്പോഴും എനിക്ക് ഓർമയുണ്ട്…. അന്ന് ഒളിക്കാൻ ആയി ഞാൻ ആദ്യം കയറിയത് അവിടെ പാചക്കാരു ഒക്കെ കൂടിയ കലവറയുടെ അടുത്തായിരുന്നു… ഒളിക്കാൻ സ്ഥലം നോക്കി ചുറ്റിയ എന്റെ അടുത്തേക്ക് വന്ന ആഹ് ആളുടെ മുഖത്തെ പാതി നര വീണ മീശ,…ചുവന്നു കുറുകിയ കണ്ണു… ആദ്യം എനിക്ക് പേടിയാ തോന്നിയത്…. ഒളിക്കാൻ സ്ഥലം കാട്ടി തരാം എന്ന് പറഞ്ഞു, എന്നെ വിളിചോണ്ട് പോയ അയാളുടെ കയ്യിലെ തഴമ്പു ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് എന്റെ കയ്യിൽ ഇടയ്ക്ക് അറിയാം… ഇരുട്ടിലേക്ക് എന്നെ പാത്തു നിർത്തി… ആഹ് കുറച്ചു നേരം എന്റെ മേലെ അയാളെന്താ ചെയ്തത് എന്നു എനിക്ക് ഓർമ പോലും ഇല്ല… അതെന്തായിരുന്നെന്നു മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ലായിരുന്നു… അന്ന് മുതൽ എനിക്ക് പേടിയാ ഏട്ടാ…ഇരുട്ടിൽ എന്താ നടക്കുന്നെന്നു പോലും അറിയാതെ നിക്കുന്ന ആഹ് കൊച്ചുകുട്ടിയായി പോവും ഞാൻ,.. എന്റെ മേലെ ദുരുദ്ദേശത്തോടെ കൈ ഇഴയുമ്പോൾ…. എനിക്ക് പറ്റത്തില്ല ഏട്ടാ…. എന്റെ മനസ്സ് പിടി വിട്ടു പോവും പോലെയാ…”