“വേണ്ട ഏട്ടാ……ഒന്നും ചെയ്യേണ്ട…..വേണ്ട….”
അവര് കിടന്നു കരഞ്ഞു പറയുന്നുണ്ട്. അതാണല്ലേ അപ്പൊ അമ്മൂന്റെ അമ്മ… ഇയാൾക്ക് അവര് പറയുന്നതൊന്നു കേട്ടൂടെ,….
അനങ്ങാപ്പാറ പോലെ ഇരിക്കുന്ന എന്നെക്കൊണ്ട് ഇവിടെ വേറൊന്നും ചെയ്യാനില്ല എന്നു എനിക്കിപ്പോൾ നല്ലോണം അറിയാം…
“വിശ്വാ……”
അങ്ങേരുടെ ഡാൻസും കണ്ടു നീക്കുമ്പോൾ അവിടെ വേറൊരു സ്വരം മുഴങ്ങി.
പ്രായമായ ഒരമ്മൂമ്മ പതിയെ വരുന്നുണ്ട്… ചുളിവുകൾ നിറഞ്ഞതെങ്കിലും പ്രകാശം നിറഞ്ഞ മുഖം.
“അമ്മേ….നമ്മളെയൊക്കെ ചതിച്ചിട്ടും ഇവളുടെ അഹങ്കാരം കണ്ടില്ലേ… എങ്ങനെ ധൈര്യം വന്നു ഇവൾക്ക്….”
ബ്രേക്ക് ഡാൻസിനിടയിലും അങ്ങേരു പുലമ്പിക്കൊണ്ടിരുന്നു…
“വിശ്വാ…അടങ്ങി നിക്ക്….വീടിനു മുന്നിൽ നിക്കുന്നതാരാണെങ്കിലും കാര്യം അറിയട്ടെ….ന്നിട്ട് മതി,…ഒച്ചയും ബഹളോം…”
കയ്യുയർത്തി അയാളെ കാട്ടി മുത്തശ്ശി എന്റെ മുൻപിൽ വന്നു നിന്നു,…കണ്ണൊന്നു പാളി എന്റെ പിറകിലേക്കും നീണ്ടു, അമ്മൂനെ നോക്കീതാവണം,…
“എന്താ വേണ്ടേ…..എന്താ ഇപ്പൊ ഒരു വരവിന്റെ ഉദ്ദേശം….”
ചിലമ്പൽ ഉണ്ടെങ്കിലും സ്വരത്തിൽ ഇപ്പോഴും ഉണ്ട് ആഹ് അധികാരം…വെറുതെ അല്ല അമ്മൂന്റെ അച്ഛൻ മിണ്ടാണ്ടായെ….
“മുത്തശ്ശി….”
പറയാൻ വെച്ചിരുന്ന ഡയലോഗ് ഒക്കെ ഓർത്തെടുത്തൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നൊരു പതിഞ്ഞ വിളി കേട്ടു, അമ്മുവാണ്,… അവളെ ഒന്നു നോക്കിയ അവർ കൈ ഉയർത്തി വിലക്കി,…
“ന്നെ അങ്ങനെ വിളിക്കാൻ അർഹത ഉള്ളൊരു ഇപ്പൊ ഈ വീട്ടിലുണ്ട്…. ….വൈകിക്കാണ്ട് വന്നെന്താന്നു വെച്ചാ പറയ്….”
പുറകിൽ നിന്നു വീണ്ടുമൊരു വിതുമ്പൽ ഉയർന്നു…
“ചെയ്തതെല്ലാം തെറ്റാ…..പൊറുക്കാനാവാത്ത തെറ്റാണെന്നും അറിയാം…. ഇഷ്ടപ്പെട്ടു പോയി,…. ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലേൽ ജീവിക്കെ വേണ്ട എന്ന് തോന്നിയപ്പോൾ പറ്റിപ്പോയതാ….”
കണ്ണു പൊട്ടണ നുണ വെച്ചൊന്നലക്കി,,അമ്മു ബോധം കെട്ടു വീഴുവോ എന്തോ…
“അതിപ്പോഴല്ല….ഞങ്ങളെ മുഴുവൻ നാണം കെടുത്തണേന് മുന്നേ പറയേണ്ടതായിരുന്നു….. ഇതിപ്പോ പറയാൻ ഇവിടെ വരെ വരേണ്ടിയിരുന്നില്ല, നിങ്ങൾക്ക് പോകാം…. ശ്രീകുട്ടിക്ക് കൂടെ പോണോന്നുണ്ടോ….”
ഉറച്ച ശബ്ദം..
പിറകിൽ നിന്നൊരു പൊട്ടിക്കരച്ചിൽ കേട്ടു, കണ്ണ് തുടച്ചുകൊണ്ടു ശ്രീക്കുട്ടി എന്നെ കടന്നു വീട്ടിലേക്ക് പോയി.
“അല്ല….മുന്നേ പറയായിരുന്നു,…. പക്ഷെ ജീവിച്ചു തുടങ്ങുമ്പോഴേ കുറെ കാര്യങ്ങൾ മനസ്സിലാവൂ….ഇപ്പോൾ ഓരോന്നും അറിഞ്ഞും പഠിച്ചും വരുന്നു…
അമ്മൂന് ജോലി കിട്ടി ബാങ്കിൽ, ഇന്നവൾക്ക് ആദ്യ ശമ്പളം കിട്ടുന്ന ദിവസായിരുന്നു…. അതിനവകാശം നിങ്ങൾക്കാണെന്നു തോന്നി,… ചെയ്തതെല്ലാം ക്ഷെമിക്കാൻ പറയാൻ അർഹത ഇല്ലെന്നറിയാം,… പക്ഷെ ഇത് ഞങ്ങളുടെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ മതി.”