കുടമുല്ല 3 [Achillies] [Climax]

Posted by

“…അമ്മു….നിന്നെ കണ്ടിട്ട് എനിക്ക് പേടി ആവുന്നുണ്ട്…എന്തേലും ഒന്നു പറ….”

അവളുടെ അടുത്തിരുന്നു തോർത്തു കൊണ്ടു അവളുടെ മുടി തോർത്താൻ തുടങ്ങിയതും, അവളെന്റെ കയ്യിൽ നിന്നും തോർത്തു പിടിച്ചു വാങ്ങി പിന്നെയും കൂനിക്കൂടി…

“എന്നെ തൊടണ്ട….പോ….. എനിക്ക് ഒറ്റയ്ക്ക്…ഇരിക്കണം….പോ….പോ….”

എന്നെ തള്ളി അവൾ പറഞ്ഞുകൊണ്ടിരുന്നു…

“ഞാൻ പൊക്കോളാം….ഈ നനഞ്ഞ ഡ്രസ് ഒക്കെ മാറുവോ….തല തോർത്തുവോ….?”

തല കുലുക്കി അവൾ വീണ്ടും ചുരുണ്ടു..

“ദേ… വാക്ക് മാറരുത്…ഇല്ലേൽ ഞാൻ വന്നു മാറ്റും,…കേട്ടല്ലോ..”

പറഞ്ഞതും പെണ്ണിന്റെ കണ്ണ് കനപ്പിച്ചു എന്നെ നോക്കി…

അവൾക്ക് കാര്യമായി എന്തോ പറ്റീട്ടുണ്ട് എന്നു മനസ്സിലായി,… പക്ഷെ അതിന് എന്നോട് എന്തിനാ ദേഷ്യം കാട്ടണേ എന്നു മാത്രം മനസ്സിലായില്ല…

എത്രയൊക്കെ ഞാൻ അടുക്കാൻ നോക്കിയിട്ടും അവള് ഒന്നു തണുത്തു കൂടി ഇല്ല… ആദ്യമായിട്ട് അന്ന് ഞാൻ ഹാളിലും അവൾ മുറിയിലും കിടന്നു,.. രാത്രി ഒറ്റയ്ക്ക് കിടക്കാൻ അത്രയും പേടി ഉള്ള ആള് എങ്ങനെ അതിൽ കഴിച്ചു കൂട്ടും എന്നറിയാതെ ആഹ് വാതിലിനോട് ചേർന്നു ഞാനും ഇരുന്നു,… അവളൊന്നു വിളിച്ചാൽ ചെല്ലാൻ പാകത്തിന്… പക്ഷെ ആഹ് രാത്രി മാത്രം അവൾ വിളിച്ചില്ല…

ഉണർന്നിരുന്നു വെളുപ്പിനെപ്പൊഴോ ആണ് ഉറങ്ങിയത്… തട്ടലും മുട്ടലും കേട്ട് ഉറക്കം എണീക്കുമ്പോൾ, അവളെഴുന്നേറ്റു പോയിട്ടുണ്ട് എന്നു മനസ്സിലായി,.. പിന്നിൽ ചെല്ലുമ്പോൾ അവൾ തീകൂട്ടിയിട്ടുണ്ട്,

ഇവൾക്ക് ഇന്നലെ മുതൽ എന്തു പറ്റി എന്നാണ് ആദ്യം എനിക്ക് തോന്നിയത്, പെട്ടെന്ന് തീയിലേക്ക് അവൾ എന്റെ ആക്‌സ് ഡിയോ എടുത്തു എറിഞ്ഞു, തീയിൽ അത് കത്തിയെരിയുന്നതും പൊട്ടിത്തെറിക്കുന്നതും നോക്കി കണ്ണും കൂർപ്പിച്ചു പല്ലും ഞെരിച്ചു നിൽക്കുവാണ് അമ്മു.

“ഡി… അമ്മു…….”

ഞാൻ വിളിച്ചപ്പോ പെട്ടെന്ന് ഞെട്ടി അവൾ എന്നെ നോക്കി,… അടുക്കളപ്പടിയിൽ എന്നെ കണ്ടതും ഓടി വന്നു എന്നെ ചുറ്റിപ്പിടിച്ചായി നിപ്പ്.

പതിയെ അതിനേം പിടിച്ചോണ്ടു ഞാൻ ഹാളിലെത്തി, സമയം കഴിഞ്ഞതുകൊണ്ടു ഇനി രണ്ടുപേരും പോയിട്ട് കാര്യമില്ലല്ലോ,… പിന്നെ ഇവളെ ഈ പരുവത്തിൽ വിട്ട് എങ്ങനെ പോവാനാ…

“അമ്മു….ഇന്നലെ മുതൽ നീ എന്നെ തീ തീറ്റിക്കുവാ…ഇനിയെങ്കിലും പറഞ്ഞൂടെ, എന്താ പ്രശ്നമെന്ന്, എന്താണേലും ഞാൻ ഉണ്ടാവൂലെ എന്റെ അമ്മൂസിന്റെ ഒപ്പം…”

Leave a Reply

Your email address will not be published. Required fields are marked *