ഞാൻ ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകളടച്ചു കിടന്നു.
വെറുതെ അങ്ങോട്ട് പോയി “എനിക്ക് താല്പര്യമില്ല” എന്ന് മാന്യമായി പറഞ്ഞാൽ ചിലപ്പോൾ അവൾ സമ്മതിച്ചില്ലെങ്കിലോ? കാരണങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം മുട്ടും.
അതുകൊണ്ട് അത് പറ്റില്ല.
അവൾ ഇങ്ങോട്ട് പറയണം, “ഇറങ്ങി പോടാ… നിന്നെപ്പോലൊരുത്തനെ എനിക്ക് വേണ്ട” എന്ന്. അവൾക്ക് എന്നോട് വെറുപ്പ് തോന്നണം.
അതിന് ഞാൻ എന്ത് ചെയ്യണം?
ഒരു നിമിഷം ഞാൻ ആലോചിച്ചു.
തനി ലോക്കൽ ആവണം!
സംസാരത്തിലും നടപ്പിലും എടുപ്പിലും ഒക്കെ ഒരു ക്ലാസ്സില്ലാത്തവൻ ആവണം. കണ്ടാൽ പുച്ഛം തോന്നുന്ന, സംസാരിച്ചാൽ വെറുക്കുന്ന, മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരൊന്നൊന്നര കൂതറയാവണം ഞാൻ.
എന്റെ വർത്തമാനം കേട്ട് അവൾ ചായ പോലും കുടിക്കാതെ ഇറങ്ങി ഓടണം. അതാവണം ലക്ഷ്യം.
ഞാൻ ഒന്ന് നെടുവീർപ്പിട്ടു. മനസ്സിലെ ഇഷ്ടം കടിച്ചമർത്തി, മുഖത്തൊരു കള്ളച്ചിരി വരുത്തി ഞാൻ എഴുന്നേറ്റു.
*************************
സമയം 4 മണി
അമ്മയും,ചേച്ചിയും,അച്ഛനും ഏട്ടത്തിയുമൊക്കെ എങ്ങോട്ടോ പോയിട്ടുണ്ട്…. കുറച്ച് നേരം ഉറങ്ങിയ കാരണം ചോദിക്കാൻ പറ്റിയില്ല. അവരോട്ടും എന്നോട് പറഞ്ഞതുമില്ല…
അതേതായാലും നന്നായി…
ഞാൻ വീണ്ടും റൂമിലേക്ക് കയറി
അലമാര തുറന്ന് ഏറ്റവും അടിയിൽ കിടന്നിരുന്ന, നിറം മങ്ങിയ ഒരു ചുവപ്പും കറുപ്പും കള്ളിയുള്ള ഷർട്ട് ഞാൻ തപ്പിയെടുത്തു. കൂടെ ഒരു കറുത്ത മുണ്ടും..