ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

അവൾ ഗ്ലാസ് മാറ്റി ചുറ്റും നോക്കി. എന്നെ കണ്ടില്ല. കാണാൻ വഴിയില്ലല്ലോ, ഞാൻ തൂണിന്റെ മറവിലാണല്ലോ.

 

അവൾ നേരെ ഹോട്ടലിന്റെ ലോബിയിലേക്ക് നടക്കാൻ തുടങ്ങി. എസിയിൽ ഇരുന്ന് കാപ്പി കുടിക്കാമെന്നാവും വിചാരം.

 

ഞാൻ പതുക്കെ തൂണിന്റെ മറവിൽ നിന്നും ഇറങ്ങി, ഒരു പ്രത്യേക ശബ്ദത്തിൽ വിളിച്ചു.

 

“ഷ്… ഷ്… ഹലോ…!”

 

ആ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.

കൈലി മടക്കിക്കുത്തി, ഷർട്ടിന്റെ ബട്ടൺ തുറന്നിട്ട്, വായിൽ മുറുക്കാനുമായി നിൽക്കുന്ന എന്നെ കണ്ടതും അവളുടെ കണ്ണ് തള്ളിപ്പോയി!

 

ഞാൻ അവളെ നോക്കി ഒരു വശളൻ ചിരി ചിരിച്ചു. പല്ലൊക്കെ ചുവന്ന് ഇരിക്കുന്നുണ്ടായിരുന്നു….

 

“ഇങ്ങോട്ട്… ഇങ്ങോട്ട്…”

 

ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.

അവൾ സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു.

 

“അഭിമന്യു?” അവൾ അവിശ്വസനീയതയോടെ ചോദിച്ചു.

 

“അതേന്നെ… ഞാൻ തന്നെ…”

 

ഞാൻ വായിലെ മുറുക്കാൻ നീട്ടിത്തുപ്പി. അവൾ അറപ്പോടെ പുറകോട്ട് മാറി

 

“വാ… നമുക്ക് അങ്ങോട്ട് ഇരിക്കാം…”

 

ഞാൻ ഹോട്ടലിന്റെ നേരെ ഓപ്പോസിറ്റ്, ഓടയുടെ കരയിലുള്ള ഒരു ചെറിയ തട്ടുകടയിലേക്ക് വിരൽ ചൂണ്ടി.

അവൾ അന്തംവിട്ടുപോയി.

 

“What? അവിടെയോ? നമ്മൾ കോഫി ഷോപ്പിൽ മീറ്റ് ചെയ്യാം എന്നല്ലേ പറഞ്ഞത്?”

 

“ഓ… അതൊക്കെ ചുമ്മാ പറഞ്ഞതല്ലേ… എനിക്ക് എസി പിടിക്കില്ല കൊച്ചേ. എനിക്ക് ഇതാ ഇഷ്ടം. താൻ വാ…”

 

അവൾ എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. പക്ഷെ ചുറ്റും ആളുകൾ നോക്കുന്നത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ എന്റെ പിന്നാലെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *