ഓരോന്ന് ചിന്തിച്ചിരിക്കുന്നതിന്റെ ഇടയിലാണ് അമ്മയുടെ വാക്കുകൾ വെടിയുണ്ടപോലേ എന്റെ ശരീരത്തിൽ തുളച്ച് കയറിയത്….
“ദേ.. അമ്മേ എനിക്ക് സത്യായിട്ടും ദേഷ്യം വരുന്നുണ്ട് ട്ടോ…. വെറുതേ വട്ടാക്കാതെ കാര്യമെന്താണെന്ന് വച്ചാൽ പറ….”
“അവൾ എല്ലാം പറഞ്ഞു മോനേ… നീ അവിടെ കാണിച്ചുകൂട്ടിയ കോപ്രായങ്ങളും, നിന്റെ ഈ ലുക്കും, വർത്തമാനവും ഒക്കെ… നിന്റെ വെറും നാടകമാണെന്ന് അവൾക്ക് ആദ്യമേ അറിയാമായിരുന്നു!”
അമ്മയുടെ ആ വാക്കുകൾ കേട്ടതും എന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി.
‘അതായത്… ഞാൻ അഭിനയിച്ച് കൂട്ടിയതെല്ലാം വെറും കോമാളിത്തരമായിരുന്നോ?അതെല്ലാം അവൾക്ക് ധാരണയുണ്ടായിരുന്നോ….’
ഞാൻ സ്വയം ചോദിച്ചുപോയി. അവൾ എല്ലാം ആസ്വദിച്ചിരിക്കുകയായിരുന്നു! എന്റെ ഈശ്വരാ… ഇതിലും വലിയ നാണക്കേട് വേറെ എന്തുണ്ട്? ഞാൻ എന്നെ വെറുപ്പിക്കാൻ നോക്കിയപ്പോൾ അവൾക്ക് അത് സ്റ്റാൻഡ് അപ്പ് കോമഡി ആയിട്ടാണോ തോന്നിയത്…!
എന്നാലും അവളുടെ മുഖത്തുണ്ടായിരുന്ന ആ വെറുപ്പ് അതിൽ ഒരിത്തിരിപോലും സത്യമുണ്ടായിരുന്നില്ലേ…
അമ്മ ഒട്ടും ഗ്യാപ്പ് തരാതെ തുടർന്നു:
“പിന്നെ വേറൊരു കാര്യം കൂടിയുണ്ട്. ഉച്ച കഴിഞ്ഞ് ലക്ഷ്മി മാഡം… അതായത് അനുവിന്റെ അമ്മ… ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു…. കാര്യങ്ങളൊക്കെ സംസാരിച്ചു. അപ്പോഴാ ഞങ്ങളും ഇതൊക്കെ അറിയുന്നത്…”
“എന്ത് അറിയുന്നതെന്ന്?” ഞാൻ കിളിപോയമട്ടിൽ ചോദിച്ചു.