അനുവിന്റെ റൂം! അത് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
പുറത്തെ ഹാളിലെ അതേ തണുപ്പ്. പക്ഷേ, ഇവിടെ കുറച്ചുകൂടി മത്തുപിടിപ്പിക്കുന്ന ഒരു സുഗന്ധം തങ്ങിനിൽക്കുന്നുണ്ട്. ലാവണ്ടറിന്റെയും മുല്ലപ്പൂവിന്റെയും ഇടകലർന്ന മണം.
വിശാലമായ മുറിയാണ്. നടുവിൽ രാജകീയമായ ഒരു കിങ് സൈസ് ബെഡ് . അതിൽ വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റ് പോലും പട്ടിന്റേതാണെന്ന് തോന്നും. തലയിണകൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടാൽ തൊടാൻ പോലും മടി തോന്നും.
മുറിയുടെ ഒരു വശം ഫ്രഞ്ച് വിൻഡോ എന്നപോലെ മുഴുവൻ ഗ്ലാസാണ് . കർട്ടൻ മാറ്റിയിട്ടാൽ പുറത്തെ പൂന്തോട്ടം മുഴുവൻ കാണാം.
ഒരു വശത്ത് വലിയൊരു ഡ്രെസ്സിംഗ് ടേബിൾ. അതിൽ നിരത്തി വെച്ചിരിക്കുന്ന വിലകൂടിയ പെർഫ്യൂമുകളും മേക്കപ്പ് സാധനങ്ങളും. അലസമായി ഇട്ടിരിക്കുന്ന ഒരൊറ്റ സാധനം പോലും അവിടെയില്ല. എല്ലാം കൃത്യമായി അടുക്കി വെച്ചിരിക്കുന്നു.
ചുവരുകൾക്ക് ക്രീം നിറമാണ്. ലൈറ്റിംഗ് ഒക്കെ വളരെ ഒതുങ്ങിയ രീതിയിൽ, കണ്ണിൽ കുത്താത്ത മഞ്ഞ വെളിച്ചം…
ആ മുറിക്ക് പോലും അനുവിന്റെ അതേ സ്വഭാവമാണ്. വൃത്തിയും, വെടിപ്പും, ഒപ്പം വല്ലാത്തൊരു ഗാംഭീര്യവും.
ഞാൻ ആ മുറിയുടെ ഒത്ത നടുവിൽ, കൈയ്യും കെട്ടി അന്തംവിട്ടു നിന്നു…..
ആ വലിയ മുറിയുടെ നടുവിൽ, എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരു പ്രതിമ പോലെ നിന്നു. കൈകൾ എവിടെ വെക്കണം, എങ്ങോട്ട് നോക്കണം എന്നൊന്നും ഒരു പിടിയുമില്ല.
അനു എന്റെ പരവേശമൊക്കെ കണ്ട് വാതിൽക്കൽ തന്നെ നിൽക്കുകയാണ്.