ഞാൻ അപ്പോഴും അനങ്ങിയില്ല. ഒരുമാതിരി കടുപ്പത്തിൽ തന്നെ കിടന്നു. അല്പനേരം അവിടെ ഒരു നിശബ്ദത പടർന്നു. റൂമിലെ ഫാനിന്റെ കറക്കം മാത്രം കേൾക്കാം. ഞാൻ മനപ്പൂർവ്വം ശ്വാസം അടക്കിപ്പിടിച്ചു.
പെട്ടെന്നാണ് , ചേച്ചി എന്നെ പിന്നിൽ നിന്നും വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചത് . ഇതവളുടേ സ്ഥിരം നമ്പറാണ് ഇത് .
എന്നോട് വഴക്കിട്ടാൽ പിന്നെ അത് പരിഹരിക്കാൻ ചേച്ചി എടുക്കുന്ന ബ്രഹ്മാസ്ത്രം!
“എന്റെ അനിയൻ കുട്ടനല്ലേ… ഇങ്ങോട്ട് തിരിഞ്ഞേ…”
എന്ന് പറഞ്ഞുകൊണ്ട് അവൾ എന്നെ ബലമായി തിരിച്ച് അവളുടെ മാറിലേക്ക് ചായ്ച്ചു കിടത്തി. എന്റെ തല അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ച്, ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ മെല്ലെ തലോടാൻ തുടങ്ങി.
അപ്പുറത്ത് ഏട്ടത്തിയും വിട്ടു കൊടുത്തില്ല. “നമ്മുടെ കൊച്ചു പുന്നാരനല്ലേടാ ഇത്…” എന്ന് പറഞ്ഞ് ഏട്ടത്തി എന്റെ കൈകളിൽ തടവിക്കൊണ്ടിരുന്നു. രണ്ടാളും കൂടി എന്നെ ഒരു ചെറിയ കുഞ്ഞിനെപ്പോലെയാക്കി മാറ്റി.
കുറച്ചു മുൻപത്തെ ആ വിചാരണയൊക്കെ എവിടെയോ പോയി മറഞ്ഞു.
പക്ഷേ, എനിക്കറിയാമായിരുന്നു… ഇതിനു പിന്നാലെ വരാൻ പോകുന്ന അടുത്ത ഘട്ടം.
പെട്ടെന്ന് ചേച്ചിയുടെ വിരലുകളുടെ ചലനം നിലച്ചു. അവളുടെ ശ്വാസമെടുക്കുന്നതിന്റെ താളം മാറുന്നത് ഞാൻ അറിഞ്ഞു. എന്റെ കവിളിലേക്ക് ചൂടുള്ള ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു.
ഞാൻ മെല്ലെ മുഖമുയർത്തി നോക്കി. അതാ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു!
ഇത് ചേച്ചിയുടെ സ്ഥിരം സ്വഭാവമാണ്. എന്നെ കളിയാക്കും, അടിക്കും, ചെവിക്ക് പിടിക്കും… പക്ഷേ എന്റെ മുഖമൊന്ന് വാടിയാലോ, അല്ലെങ്കിൽ ഞാൻ മിണ്ടാതിരുന്നാലോ ചേച്ചിക്ക് അത് സഹിക്കില്ല. ഉടനെ വരും ഈ കരച്ചിൽ. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ കാണുന്നതാണ് ഈ കാഴ്ച. എന്നെ ആരെങ്കിലും ഒന്ന് തൊട്ടാൽ പോലും സഹിക്കാത്ത എന്റെ സ്വന്തം ചേച്ചി.