പക്ഷേ പെട്ടെന്ന് തന്നേ അതിന്റെ ഉത്തരമെന്നോണം എന്റെ മനസ്സ് എന്നോട് തന്നെ കലഹിക്കാൻ തുടങ്ങി…
“ഛെ! എന്താടാ അഭിമന്യു നീ ഈ കാണിക്കുന്നത്?”
ഞാൻ സ്വയം ചോദിച്ചു.
“അഭിമന്യു എന്ന പേരും വെച്ചിട്ട്, കുറച്ച് സിമന്റും കമ്പിയും കൊണ്ട് ഉണ്ടാക്കിയ ഈ കെട്ടിടത്തിന് മുന്നിൽ, ഈ കിടക്കുന്ന ഇരുമ്പ് കൂട് കണ്ട് മുട്ട് വിറച്ചു നിൽക്കാൻ നിനക്ക് നാണമില്ലേടാ?”
എന്റെ ഉള്ളിലെ അഭിമാനം ഉണർന്നു.
“പത്മവ്യൂഹം തകർത്തു കയറിയവന്റെ പേരാടാ നിന്റെ… അല്ലാതെ പണപ്പെട്ടിയുടെ മുന്നിൽ പകച്ചു നിൽക്കുന്നവന്റെയല്ല. അവൾ സ്നേഹിച്ചത് നിന്നെയാണ്… ഈ അഭിമന്യുവിനെ! അല്ലാതെ നിന്റെ കീശയുടെ കനം നോക്കിയല്ല. പിന്നെ എന്തിനാടാ ഈ അപകർഷതാബോധം?”
ഞാൻ ഒരു ദീർഘശ്വാസം വിട്ടു. എന്റെ ഉള്ളിലെ പേടിയും സങ്കോചവും എല്ലാം ആ ശ്വാസത്തിൽ അലിഞ്ഞുപോയി.
“നിവർന്നു നിൽക്കടാ… ആണായിട്ട്!”
ഞാൻ ഷർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി. നെഞ്ച് വിരിച്ചു, മുഖത്തൊരു പുഞ്ചിരി വരുത്തി, ആ കാറിൽ നിന്നും ഒരു രാജകുമാരനെപ്പോലെ പുറത്തേക്ക് കാലെടുത്തു വെച്ചു……
കാറിൽ നിന്നും ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്തേക്ക് ഏതാനും പേർ കടന്നുവന്നു. കൂടുതലില്ല, വിരലിലെണ്ണാവുന്നവർ മാത്രം.
കൂട്ടത്തിൽ മുന്നിൽ നിന്നിരുന്നത് അവളുടെ അമ്മയായിരുന്നു.
ലക്ഷ്മി മാഡം!
ആദ്യമായിട്ടാണ് ഞാൻ അവരെ നേരിട്ട് കാണുന്നത്. പേര് പോലെത്തന്നെ, ഐശ്വര്യത്തിന്റെ ഒരു പൂർണ്ണരൂപം.