ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിയ അരവിന്ദ് ഷൈനിനെ അന്വേഷിക്കാൻ തുടങ്ങി.. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഷൈൻ വിഷ്ണുവിനും ആൻഡ്രുവിനും ഒപ്പം വരാന്തയുടെ ഒരു മൂലയിൽ നിൽക്കുന്നത് കണ്ടു..
ഒട്ടും സമയം പാഴാക്കാതെ അരവിന്ദ് ഷൈനിന്റെ അടുത്തേക്ക് ചെന്നു.. അരവിന്ദിനെ അവർ കണ്ടു എങ്കിലും സംസാരിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ അവർ കണ്ട ഭാവം നടിച്ചില്ല.. അത് പ്രതീക്ഷിച്ച പോലെ തന്നെ അരവിന്ദ് അവിടെ ചെന്ന് ഷൈനിനെ വിളിച്ചു…
എന്നാൽ ഷൈൻ അത് കേട്ടതായി കൂട്ടാക്കാതെ വിഷ്ണുവിനോടും ആൻഡ്രുവിനോടും സംസാരിക്കുന്നത് തുടർന്നു…
അരവിന്ദ് വീണ്ടും ഒരിക്കൽകൂടി ഷൈനിനെ വിളിച്ചു.. അപ്പോളും അതേ പ്രതികരണം തന്നെ ആണ് ഷൈനിൽ നിന്നും ഉണ്ടായത്…
ഇനിയും വെറുതെ വിളിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് മനസ്സിലാക്കിയ അരവിന്ദ് ഷൈനിന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..
അരവിന്ദ്: ഷൈൻ പ്ലീസ്.. എനിക്ക് പറ…
ഷൈനിന്റെ ഉള്ളിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു.. അരവിന്ദ് പറഞ്ഞ് മുഴുവിക്കും മുന്നേ ഷൈൻ അവന്റെ കൈ തോളിൽ നിന്നും തട്ടി മാറ്റി… രൗദ്രമയി അവനെ ഒന്ന് നോക്കിയ ശേഷം ഷൈൻ ക്ലാസ്സിലേക്ക് തന്നെ തിരികെ നടന്നു… കൂടെ ആൻഡ്രുവും വിഷ്ണുവും…
യഥാർത്ഥത്തിൽ ഷൈനിൽ നിന്നും ഇതിലും ഭയാനകമായ ഒരു പ്രതികരണം ആയിരുന്നു അരവിന്ദ് പ്രതീക്ഷിച്ചത്.. എങ്ങനെ എങ്കിലും ഷൈനിനെ തന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ തന്നെ അരവിന്ദ് തീരുമാനിച്ചു…
അവനും അവരുടെ കൂടെ നടന്നു…
ഷൈൻ ക്ലാസിലേക്ക് കയറിയതും അരവിന്ദും വന്ന് പുറകെ കയറി..
അരവിന്ദ്: ഷൈൻ എനിക്ക് പറയാൻ ഉള്ളത് നീ ഒന്ന് കേൾക് പ്ലീസ്..
ഷൈൻ: എനിക്കൊന്നും കേൾക്കണ്ട…. നിന്റെ പെങ്ങൾ എന്നോട് ചെയ്ത ചതി ഈ ജന്മം ഞാൻ മറക്കില്ല.. അവളുടെ ആങ്ങള ആണ് നീ എന്ന ഒറ്റ കാരണം കൊണ്ട് എനിക്ക് നിന്നോടും വെറുപ്പാണ്.. അതോണ്ട് മേലാൽ എന്റെ വഴിയിൽ കണ്ട് പോകരുത്…
ഷൈനിന് എപ്പോളും സംഭവിക്കുന്ന പോലെ തന്നെ ഇത്തവണയും ദേഷ്യവും ആവേശവും അധികമായി പോയി.. ഡയലോഗ് കഴിഞ്ഞ് ചുറ്റും നോക്കിയ ഷൈൻ കണ്ടത് എല്ലാം കേട്ട് അന്തം വിട്ട് നിശബ്ദമായി നിൽക്കുന്ന ക്ലാസ്സിലെ കുട്ടികളെ ആയിരുന്നു…
സ്വബോധം വീണ്ടുകിട്ടിയപ്പോൾ ഷൈൻ അവിടെ നിന്നും തന്റെ ബഞ്ച് ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങി..
എന്നാൽ അപ്പോളേക്കും അരവിന്ദിന്റെ ക്ഷമ നശിച്ചിരുന്നു.. തിരിഞ്ഞ് നടക്കുന്ന ഷൈൻ കേൾക്കാൻ എന്ന വണ്ണം അരവിന്ദും ഉറക്കെ പറഞ്ഞു…
അരവിന്ദ്: ഷൈൻ.. നീ പറഞ്ഞത് ഒക്കെ ശരിയാണ്… എന്റെ ചേച്ചി നിന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെ ആണ്… പക്ഷേ അതൊന്നും എന്റെ അറിവോടെയല്ല… അന്ന് രാത്രി ആണ് ഞാനും അവളിൽ ആദ്യമായി അങ്ങനെ ഒരു മാറ്റം കണ്ടത്.. നിനക്ക് അറിയുന്നതല്ലെ അവളെക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചത് നിന്നെ അല്ലേ.. അങ്ങനെ ഉള്ള നിന്നെ ചതിക്കാൻ ഞാൻ കൂട്ട് നിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..?? നിനക്ക് അറിയുമോ.. ആ സംഭവത്തിന് ശേഷം ഇന്ന് ഈ നിമിഷം വരെ ഞാൻ അവളോട് മിണ്ടിയിട്ടില്ല…