ഐഷു ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ഒരു ഗൂഢചിരിയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. “എങ്കിൽ കാക്കു സത്യം പറയണം… ഇതുവരെ കാക്കുവിന് എത്ര പ്രണയം ഉണ്ടായിട്ടുണ്ട്? ആരെങ്കിലുമായിട്ട് സീരിയസ് ആയിട്ട് നടന്നിട്ടുണ്ടോ?”
ഐഷുവിന്റെ ചോദ്യം കേട്ടപ്പോൾ ഫൈസിയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു, പക്ഷേ അതിലൊരു വിഷാദത്തിന്റെ നിഴലുണ്ടായിരുന്നു. അവൻ പതിയെ തന്റെ കോളേജ് കാലഘട്ടത്തെക്കുറിച്ച് പറയാൻ തുടങ്ങി.
”ഉണ്ടായിരുന്നു… ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത്. ഒരു ഹിന്ദു പെൺകുട്ടിയായിരുന്നു. ഞാൻ അവളെ അത്രമേൽ വിശ്വസിച്ചിരുന്നു. പക്ഷേ, വീട്ടുകാർ നല്ലൊരു ആലോചന കൊണ്ടുവന്നപ്പോൾ എന്നെ തള്ളിപ്പറയാൻ അവൾക്കൊരു മടിയും ഉണ്ടായില്ല. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവൾ പോയതല്ല ഐഷു… എന്നെ ഒഴിവാക്കുമ്പോൾ ഒരു പട്ടിയുടെ വില പോലും തരാതെ, അത്രയും കാലത്തെ ഇഷ്ടം ഒന്നുമല്ലാതാക്കി മാറ്റിയ അവളുടെ ആ രീതിയാണ്. ആ അനുഭവം മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അതുകൊണ്ടാണ് പുതിയ ബന്ധങ്ങളോ ആലോചനകളോ കേൾക്കുമ്പോൾ ഉള്ളിൽ ഒരു പേടി. വീണ്ടും അങ്ങനെ സംഭവിക്കുമോ എന്നൊരു ഭയം.”
ഫൈസി ആ സങ്കടം പുറത്തു കാണിക്കാതെ, ഒരു തമാശ പോലെ പറഞ്ഞു തീർക്കാൻ ശ്രമിച്ചു. പക്ഷേ ഐഷുവിന്റെ മുഖം വാടിയിരുന്നു. കാക്കുവിന്റെ ഉള്ളിൽ ഇങ്ങനെയൊരു നോവുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല. അവൾ അവന്റെ കയ്യിൽ പതിയെ ഒന്ന് തലോടി.
”സാരമില്ല കാക്കു… അവളെക്കാൾ നല്ലൊരാളെ കാക്കുവിന് കിട്ടും,.. ഇനി കിട്ടിയില്ലേ ഞാനില്ലേ..ഞാൻ കാക്കുനെ വിട്ടങ്ങനെ പോവില്ല.. എനിക്ക് ഏറ്റോം വിലപിടിപ്പുള്ളതാ കാക്കു…”