ലിയ മേശയിൽ കൈകൾ വെച്ച് അതിനുമുകളിൽ താടി അമർത്തി അവൾ പറഞ്ഞത് കടന്നു പോയി എന്നാലോചിച്ച് ഇരിക്കുകയാണ്. അപ്പോഴാണ് സൈക്കിളിൻ്റെ ശബ്ദം കേട്ട് തിരിഞ്ഞതും ആര്യൻ തിരികെ വന്നതും അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ലിയ അവനെ കണ്ട സന്തോഷത്തിൽ അവളുടെ കണ്ണുകൾ ഒപ്പി.
“എനിക്കറിയാരുന്നു നീ തിരിച്ച് വരുമെന്ന്…” അകത്തേക്ക് കയറിയ ആര്യനെ നോക്കി ലിയ പറഞ്ഞു.
“ഞാൻ…”
“വേണ്ടാ…നീ ക്ഷമ ചോദിക്കാൻ പോകുവാണെന്ന് എനിക്കറിയാം…ഞാനാ ക്ഷമ ചോദിക്കേണ്ടത്…ഞാൻ അപ്പോഴത്തെ ദേഷ്യത്തിലും വിഷമത്തിലും എന്തൊക്കെയോ നിന്നോട് പറഞ്ഞു…സോറി…ഒന്നും മനസ്സിൽ വയ്ക്കരുത് നീ…”
“ഞാൻ ബ്ലൗസ് എടുക്കാൻ തിരികെ വന്നതാ” എന്ന് പറയാൻ വന്ന ആര്യൻ ലിയയുടെ ആ വാക്കുകൾ കേട്ടപ്പോൾ “ഇതിപ്പോ ലാഭായല്ലോ” എന്ന ഇന്നസൻ്റ് ചേട്ടൻ്റെ വാക്കുകൾ മനസ്സിൽ വിചാരിച്ചുകൊണ്ട് മെല്ലെ തിരിഞ്ഞ് ലിയയെ നോക്കി പുഞ്ചിരിച്ചു.
“വാ ഇവിടെ ഇരിക്ക്…” ലിയ അവനെ നോക്കി പറഞ്ഞു.
ആര്യൻ അവളുടെ അരികിൽ കസേരയിൽ ഇരുന്നു.
“എന്താ ഒന്നും മിണ്ടാത്തെ…പിണക്കമാണോ…?”
“ഏയ്…ചേച്ചി അങ്ങനൊക്കെ പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്കും വിഷമമായി അതാ ഞാൻ പോയത്…സോറി ചേച്ചീ…”
“നീ സോറി ഒന്നും പറയണ്ടാ എൻ്റെ ഭാഗത്താ തെറ്റ്…ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു…പിന്നീടിരുന്ന് ആലോചിച്ചപ്പോളാ എനിക്ക് മനസ്സിലായത്…”
“എന്തിനാ ചേച്ചി അങ്ങനെയൊക്കെ പറഞ്ഞത്…?”
ആര്യൻ്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് ലിയക്ക് അറിയില്ലായിരുന്നു. താൻ എന്തുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന സത്യം അവനോട് പറഞ്ഞാൽ അവൻ തന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്നെല്ലാം ലിയ മനസ്സിൽ ചിന്തിച്ചു.
“എന്താ ചേച്ചീ…എന്ത് പറ്റി…?” ലിയ മൗനമായി ഇരിക്കുന്നത് കണ്ട ആര്യൻ വീണ്ടും ചോദിച്ചു.
“ഏയ് ഒന്നുമില്ലടാ…അതുപിന്നെ…നീ…നീ വരാൻ വൈകിയപ്പോൾ അവരുടെ ഭർത്താവ് അവിടെ വെല്ലോം ഉണ്ടാകുമോ അയാള് നിന്നോട് എന്തെങ്കിലും വഴക്കിട്ട് കാണുമോ എന്നൊക്കെ ഞാൻ കരുതി ആകെ പേടിച്ച് പോയി…അതുകൊണ്ടാ ഞാൻ അന്നേരം അങ്ങനെയൊക്കെ പറഞ്ഞത്…അല്ലാതെ വേറൊന്നും കൊണ്ടല്ലാ…”
ലിയ പെട്ടെന്ന് മനസ്സിൽ വന്നൊരു കള്ളം പറഞ്ഞു.