രണ്ടു മൂന്നു കൂട്ടം കറിയും നല്ല അരിയുടെ ചോറും.. വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്.. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയുടെ ഒരു രുചിയും ഇല്ലാത്ത ചോറ് കഴിച്ചു കഴിച്ചു നാവിലെ രുചി കെട്ടു പോയിരുന്നു…
മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറ് വായിലേക്ക് വെയ്ക്കുമ്പോൾ ശോഭന ഓർത്തു മൈക്കിളച്ചായന്റെ കൂടെ ഈ വീട്ടിലേക്ക് ആദ്യമായി കയറി വന്ന റോയിയുടെ ഭയവും പരിഭ്രമവും നിറഞ്ഞ മുഖം..
താൻ അവനെ എപ്പോഴും വെറുത്തിട്ടെ ഒള്ളു.. അച്ചായനെ ഓർത്തു ക്ഷമിച്ചു എന്ന് മാത്രം.. അച്ചായൻ അന്ന് ചെയ്ത നന്മയുടെ ഫലമാണ് താനും മക്കളും കഴിക്കുന്ന ഈ ചോറ്…
ഓർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു കവിളിൽ കൂടി കണ്ണുനീർ തുള്ളി പ്ലെയ്റ്റിലേക്ക് വീണു….
അമ്മേ… എന്തിനാണ് കരയുന്നത്… കണ്ണ് തുടക്ക് റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണേണ്ട…
ഭക്ഷണ ശേഷം റോയിയെ കാത്തു അവർ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്ന ശേഷമാണ് അവൻ വന്നത്…
വഴിയിൽ നിന്നും ഗെയ്റ്റിൽ എത്തിയപ്പോഴേ അവൻ കണ്ടു ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ മൂന്നു പേർ തനിക്കായി കാത്തു നിൽക്കുന്നു..
ലോകത്ത് തനിക്കും ആരൊക്കെയോ ഉണ്ട്.. മൈക്കിളച്ചായൻ തനിക്കായി തന്നിട്ട് പോയവർ… അവരാണ് ആ കാത്തു നിൽക്കുന്നത്.. തന്നെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്…
മഞ്ഞിന്റെ പുതപ്പണിഞ്ഞ മണിമലയാറിന്റെ മാറിൽ നിന്നും പ്രത്യേക മണമുള്ള ഒരിളംകാറ്റ് അവനെ തഴുകി കടന്നുപോയി…
അവനെ കണ്ട് സോഫിയയും ലില്ലിയും മുറ്റത്തേക്ക് ഇറങ്ങി.. വെള്ള നിറമുള്ള ഒരു പാവാടയും ലോങ്ങ് ബ്ലൗസും മാണ് സോഫിയയുടെ വേഷം…
അടിമുടി പൂത്തു നിൽക്കുന്ന ഒരു ചെമ്പകം തന്നെ നോക്കി നടന്നു വരുന്നപോലെ അവന് തോന്നി…
കൈയിൽ ഉണ്ടായിരുന്ന കവറുകൾ ലില്ലിയുടെ കൈയിൽ കൊടുത്തിട്ട് അവൻ പറഞ്ഞു കുറച്ചു ഡ്രസ്സ്‌കളാണ് ആന്റിക്കുമുണ്ട്…
തനിക്ക് ചോറ് വിളമ്പിതരുന്ന ശോഭനയുടെ മുഖത്തേക്ക് അവൻ നോക്കി..താൻ വരുമ്പോൾ വല്ലാത്ത നിരാശയായിരുന്നു ആ മുഖത്ത്.. ഇപ്പോൾ ഒരു പ്രത്യാശയുടെ കിരണങ്ങൾ കാണാനുണ്ട്…
ഹാളിൽ കിടന്നുകൊള്ളാം എന്ന് പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ ഒരു മുറി അവനായി ഒരുക്കി കൊടുത്തു ശോഭന…