ഡെന്നിസ് തമാശ മട്ടിൽ തിരിച്ചുചോദിച്ചു.
“എങ്കിൽ ആ ലക്ഷം എന്റെ അകൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്തേക്കൂ…”
അയാൾ സംഗീതം ചിട്ടപ്പെടുത്തുമ്പോഴൊക്കെ അവളുടെ കണ്ണുകൾ ഭിത്തിയിലെ ഋഷികയുടെ ചിത്രത്തിലായിരുന്നു.
“ഒരു ദിവസം സാർ,ഋഷികയുടെ കഥ എഴുതുമോ…അല്ല…പറയുമോ?”
അവൾ ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ ചോദിച്ചു.
ഈണങ്ങളൊക്കെ അവളുടെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നെകിലും സംഗീതയുടെ ചോദ്യം ഡെന്നിസിനെ അമ്പരപ്പിച്ചു.
ഋഷികയുടെ കഥ എഴുതുമോ എന്നോ?
എന്താണ് ഇവൾ ഉദ്ദേശിക്കുന്നത്?
“ജസ്റ്റ് ഒരു ക്യൂരിയോസിറ്റി…അതുകൊണ്ടാണ്..എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ വേണ്ട കേട്ടോ…”
“എന്ത് പ്രോബ്ലം…? സംഗീത വിനായക് ….ഡോട്ടർ ഓഫ് മേജർ വിനായക് …മൈ കമാൻഡിങ് ഓഫീസർ…ഞാൻ പറയാം ഋഷികയുടെ കഥ…”
പക്ഷെ അപ്പോഴേക്കും മേജർ വിനായകിന്റെ കോൾ വരികയും സംഗീതയ്ക്ക് പോകേണ്ടിവരികയും ചെയ്തു.
സംഗീത പോകുമ്പോൾ ഏകദേശം മൂന്ന് മണി കഴിഞ്ഞിരുന്നു.
പിറ്റേ ദിവസം വൈകുന്നേരം മഞ്ഞും മേഘവും കലർന്നു നിൽക്കുന്ന വിദൂരതയിൽ കൊടുമുടിയുടെ നരച്ച ശിരസ്സുകളിലേക്ക് നോക്കി ഒരു പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു, ഡെന്നിസ്.
“ഹായ് ഡെന്നിസ്!”
ഗിറ്റാറിന്റെ ഇമ്പമുള്ള ആ സ്വരം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.