എവിടെ നിന്നാണ് ഒരു വയലിൻ സംഗീതം കേൾക്കുന്നത്?
അവൾ ചുറ്റുപാടും നോക്കി.
“അത് വേദ് അങ്കിളാണ്…”
അവളുടെ നോട്ടം ശ്രദ്ധിച്ച് അയാൾ പറഞ്ഞു.
“ലാൻസ് നായിക്ക് വേദ് പ്രകാശ് സിസോദിയ…”
“സിസോദിയ?”
സംഗീത മാറിയ ഭാവത്തോടെ ചോദിച്ചു.
“യൂ മീൻ ഋഷികയുടെ അച്ഛൻ?”
അയാൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കി.
“അങ്കിളിനു രണ്ടേ ഇഷ്ടങ്ങളെ ഉണ്ടായിരുന്നുള്ളൂ, ഋഷികയുടെ ‘അമ്മ മരിച്ചതിൽ പിന്നെ…”
അവളുടെ കണ്ണുകളിലേക്ക് നോക്കി ഡെന്നിസ് പറഞ്ഞു.
“ഋഷിക. പിന്നെ വയലിൻ മ്യൂസിക്ക്….ഇപ്പോൾ …വയലിൻ മാത്രം…”
കുന്നിൻ ചെരിവിൽ റെജിമെൻറ് മെസ് ഹാളിന്റെ നീണ്ട കെട്ടിടത്തിന്റെ അതിർത്തിക്കപ്പുറത്തെ വിശാലമായ പുൽമലയുടെ പരിസരത്ത് ഒരു തടാകമുണ്ട്. നവംബറിൽ ആകാശവും ഭൂമിയും മഞ്ഞിന്റെ തണുപ്പിൽ പുതഞ്ഞടിയാൻ തുടങ്ങുന്നതിനു മുമ്പ് അവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാറുണ്ട്. അവിടെയാണ് കുമയൂൺ കുന്നുകളിലെവിടെയോ താമസിക്കുന്ന വേദ് പ്രകാശ് സിസോദിയ ഒറ്റയ്ക്ക് കഴിയുന്ന കോട്ടേജുള്ളത്. ആ കോട്ടേജിന്റെ പേര് ഋഷികാ നികേത് എന്നാണ്. ഋഷികയുടെ വീട്.
ഋഷികയെ നഷ്ട്ടപ്പെട്ട അച്ഛനാണ് വേദ് പ്രകാശ്.