ഋഷികയെ നഷ്ട്ടപ്പെട്ട കാമുകനാണ് താൻ.
“പരസ്പ്പരം കാണുമ്പോൾ നിങ്ങൾ എന്തൊക്കെ സംസാരിക്കും?”
സംഗീത ചോദിച്ചു.
“ഒന്നും സംസാരിക്കില്ല സംഗീത…”
ഡെന്നിസ് പറഞ്ഞു.
“വേദ് അങ്കിൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കും. ഞാൻ അങ്കിളിന്റെ മുഖത്തേക്കും …അങ്ങനെ നോക്കിയിരിക്കുമെന്നതല്ലാതെ …മറ്റൊന്നും സംസാരിക്കില്ല ഞങ്ങൾ…നോക്കിയിരിക്കുമ്പോൾ രണ്ട്പേരുടെയും കണ്ണുകൾ നിറയും…അപ്പോൾ ഞാൻ ഇറങ്ങിപ്പോരും…”
ആകാശം നരച്ചു വിളറിക്കിടക്കുന്നു. മഞ്ഞിൻ പടലങ്ങളുടെ സുതാര്യമായ ചിറകുകൾ ദൂരെയുള്ള കോണിഫെറസ് മരങ്ങൾക്കിടയിൽ പറന്നുവീഴുന്നു. ചിലയിടങ്ങളിൽ മാത്രം ആപ്പിൾ തോട്ടങ്ങളും ക്രിസാന്തമം ചെടികളുമൊഴിച്ചാൽ മഞ്ഞിന്റെ വെള്ള നിറത്തിൽ നഗ്നയാണ്, ഭൂമി.
“ഈ വർഷം തണുപ്പ് അധികമാണ്…”
ആപ്പിൾ മരങ്ങളുടെ മേൽ മഞ്ഞു പെയ്യുന്നത് നോക്കി ഡെന്നിസ് പറഞ്ഞു.