“വേദ് പ്രകാശ് അങ്കിളിനെ കാണാതെ പാത്തും പതുങ്ങിയും ഒളിച്ചും ഞങ്ങൾ അവിടെ എന്നും തന്നെ കൂടുമായിരുന്നു……ഒരു ദിവസം അവളുടെ കോളേജിലെ രസകരമായ ഒരു വിശേഷം പറഞ്ഞു ചിരിക്കുന്നതിനിടയിൽ പിമ്പോട്ടു നോക്കുമ്പോൾ അങ്കിൾ നിൽക്കുന്നു…ഋഷിക ഭയന്നുപോയി. എന്നെ വഴക്ക് പറയുമെന്ന് ഓർത്താണ്…അവൾ പെട്ടെന്ന് കോട്ടേജിലേക്ക് ഓടിപ്പോയി…”
ഡെന്നിസ് ഒന്ന് നിർത്തി അകലെ ഒഴുകിപ്പരക്കുന്ന മഞ്ഞിൻ പടങ്ങളെ നോക്കി.
“പിറ്റേ ദിവസം പതിവ് പോലെ ഞാനവൾക്ക് വേണ്ടി കാത്തിരുന്നു….പക്ഷെ…”
സംഗീത അയാളെ ഉറ്റുനോക്കി.
“എന്ത് പറ്റി ഡെന്നിസ്…എന്താ ഉണ്ടായേ?’
“സംഗീതയുടെ പപ്പായുടെ ഓർഡർലി ബാബുലാൽ അപ്പോൾ അങ്ങോട്ട് ഓടി വന്നു പറഞ്ഞു…സാബ് …വേദ് സാബ് കി ലഡ്കി കോ സാപ് നെ കാട്ട് ലിയാ… പാമ്പ് കടിച്ചെന്ന്! തളർന്നു പോയി…സർവ്വശക്തിയുമെടുത്ത് കോട്ടേജിലേക്ക് ഓടി. അപ്പോഴുണ്ട് ചെറിയ ആൾക്കൂട്ടം…നീലിച്ച് വിറങ്ങലിച്ച് കിടക്കുകയാണ് ഋഷിക….അലമുറയിട്ട് കരയുകയായിരുന്ന വേദ് അങ്കിൾ എന്നെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു… എന്നിട്ടു എന്നെ ചേർത്ത് പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു… ഞാനവളെ ഇന്നലെ വഴക്ക് പറഞ്ഞു സാബ് … ഞാൻ വഴക്ക് പറഞ്ഞില്ലായിരുന്നെകിൽ നിങ്ങളെ കാണാൻ അവൾ പോപ്ലാർ മരത്തിന്റെയടുത്തേക്ക് വരുമായിരുന്നു…അങ്ങനെ നിങ്ങളുടെ അടുത്തേക്ക് വന്നിരുന്നെകിൽ എന്റെ കുഞ്ഞിന് ഈ ഗതി വരില്ലായിരുന്നു….”
ദൂരെ പർവ്വത ചെരിവുകളിൽ മഞ്ഞിന്റെ നൃത്തം മുറുകുകയാണ്. ശിഖരങ്ങൾക്കപ്പുറത്ത് നിന്ന് ദേശാടനപ്പക്ഷികളുടെ സംക്രമം തുടങ്ങി. കാലത്തിന്റെ പ്രദക്ഷിണവഴികളത്രയും നിശ്ചയമുള്ള സഞ്ചാരികളെ നോക്കി അയാൾ നെടുവീർപ്പിടുന്നത് സംഗീത അലിവോടെ കേട്ടു.
“പിന്നെ ലൈഫ് വല്ലാതെ എംപ്റ്റിയായി തോന്നി…”
ഡെന്നിസ് പറഞ്ഞു.
“പട്ടാളക്കാരനായത് കൊണ്ട് മാത്രം അനിഷ്ട്ടത്തോടെയെങ്കിലും ചിട്ടകൾ തെറ്റാതെ ജീവിച്ചു….തനിയെ നടക്കാൻ പോകുമ്പോൾ മലയുടെ വിളുമ്പിൽ നിൽക്കുമ്പോൾ ഓർക്കാറുണ്ട്…ചാടിയാലോ…? താഴെ കൂർത്ത് മൂർത്ത് കിടക്കുന്ന, ആത്മാക്കളെ തേടി ദാഹിച്ചു കിടക്കുന്ന പാറക്കെട്ടുകൾക്ക് മേൽ …ചാടി …എത്രയും പെട്ടെന്ന് ഋഷിക മാത്രമുള്ളയിടത്തേക്ക് പോകാൻ കഴിഞ്ഞാലോ എന്നൊക്കെ ഓർത്ത്….”
“നോ!”