ഡെന്നിസ് സമയം കളയാതെ റെസ്റ്റോറേന്റിനകത്തേക്ക് നടന്നു. മനോഹരമായി ഇന്റീരിയർ ഡെക്കറേഷൻ ചെയ്ത ആ റെസ്റ്റോറൻറ്റിനുള്ളിൽ വിദേശിയരും സ്വദേശീയരുമായി ഒരുപാടാളുകളുണ്ടായിരുന്നു.
സ്വയം മറന്നു പ്രണയസല്ലാപങ്ങളിർപ്പെട്ടിരിക്കുന്ന മിഥുനങ്ങളെക്കണ്ടപ്പോൾ ഡെന്നിസിന്റെ ഹൃദയം മിടിച്ചു. സിമോണ!
മിടിക്കുന്ന ഹൃദയത്തോടെ അയാൾ നോർത്തേൺ കോർണറിലേക്ക് നടന്നു. അവിടെ ജനാലയോടു ചേർന്ന് നഗരത്തിന് വെളിയിലെ കുന്നിൻപുറത്തെക്ക് നോക്കി പുറം തിരിഞ്ഞിരിക്കുന്നു ഒരു സ്ത്രീയെക്കണ്ടു. ചുവന്ന ടോപ്പ്. കറുത്ത സ്കർട്ട്! അതെ! ഇതുതന്നെയാണ് ആൾ!
അയാൾ സാവധാനം അവളുടെ പിമ്പിലെത്തി. പിന്നെ സാവധാനം അവളുടെ മുമ്പിലേക്ക് അയാൾ ചുവടുകൾ വെച്ചു.
അവളുടെ മുമ്പിൽ അയാൾ നിന്നു.
ഒരു നിമിഷം അയാൾ ഒന്ന് പതറി.
ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ. നാല്പത്തിന് മേൽ പ്രായം. എങ്കിലും ഒരു സൗഹൃദത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് പ്രകാശം നൽകിയിരുന്നു.
ഒരു നിമിഷത്തിനു ശേഷം ഡെന്നിസ് സ്വയം പറഞ്ഞു.
ഈ സ്ത്രീയാണ് സിമോണ. നിന്നെ കഥകളിലൂടെ വ്യാമോഹിപ്പിച്ചവൾ. വാക്കുകളിലൂടെ നിന്നെ ജീവിതത്തിലേക്കടുപ്പിച്ചവൾ. അക്ഷരങ്ങളിലൂടെ നിനക്ക് ജീവിതത്തിന് വേണ്ട പ്രത്യാശ പകർന്നുതന്നവൾ….
“സിമോണ?”
അയാൾ ചോദിച്ചു.
അവൾ വെറുതെ പുഞ്ചിരിച്ചു.
ഡെന്നിസ് അവൾക്കഭിമുഖമായി ഇരുന്നു. പിന്നെ മേശപ്പുറത്തിരുന്ന അനാകർഷമായ അവളുടെ വിരലുകളിൽ തൊട്ടു.
“വിൽ യൂ മാരി മീ?”
അവൾ പുഞ്ചിരിച്ചു.