“ഹ്മ്മ്….എന്തായാലും അവരൊന്നു ഓക്കേ ആയിട്ടുണ്ട്….കരഞ്ഞു തീർത്തു നെഞ്ചിലെ ഭാരം കുറയുന്നുണ്ടാവും…..”
“എന്നാലും ഈ ചെക്കന് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ കിടന്നു നശിക്കുന്നെ ആഹ് ഇട്ടേച്ചു പോയവൾക്കില്ലാത്ത സങ്കടം ഇവനെന്തിനാണവോ….”
ബെഡിൽ കിടന്ന രാഹുലിനെ നോക്കിയാണ് സന്ധ്യ അത് പറഞ്ഞത്.
“അത്രയും സ്നേഹിച്ചു പോയാൽ പിരിയുമ്പോഴുള്ള വേദന എല്ലാവര്ക്കും താങ്ങാൻ പറ്റില്ല ചേച്ചി….പ്രേത്യേകിച്ചും അങ്ങോട്ട് കൊടുത്ത നമ്മുടെ സ്നേഹത്തിനു ഒരു നിമിഷത്തെ സുഖത്തിന്റെ വില പോലും ഇല്ലായിരുന്നൂന്നു അറിയുമ്പോൾ വീഴാതെ നിൽക്കണമെങ്കിൽ പാറുവേട്ടത്തി പറഞ്ഞപോലെ ഭാഗ്യം കൂടി വേണം,….എനിക്ക് അതുണ്ടായിരുന്നു….”
സന്ധ്യയുടെ കയ്യിൽ അമർത്തി പിടിച്ചു അനഘ ഈറൻ മിഴിയോടെ പറയുമ്പോൾ സന്ധ്യ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.
ബെഡിൽ കിടന്ന രാഹുലിന്റെ നെഞ്ചിനെ നീറ്റിക്കൊണ്ടു ഒരു തുള്ളി കൺകോണിലൂടെ ഊർന്നിറങ്ങി ബെഡിനെ നനയിച്ചു.
“ഇപ്പൊ സുന്ദരി ആയല്ലോ ഏട്ടത്തി…..”
ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന പാർവതിയെ നോക്കി അനഘ പറഞ്ഞു.
അതെ സമയമാണ് ഡോർ തുറന്നു ദീപൻ അകത്തേക്ക് വന്നത്,
റൂമിൽ പെട്ടെന്ന് പ്രതീക്ഷിക്കാത്ത രണ്ടു പേരെ കണ്ട ദീപൻ ഒട്ടൊരു നേരം കൊണ്ട് തിരികെ വന്നു, അവരെ പുഞ്ചിരിയോടെ സ്വീകരിച്ച ദീപനെ ഞെട്ടിച്ചത് പാർവതി ആയിരുന്നു,
അവളുടെ മുഖത്ത് എന്നോ കണ്ടു മറന്ന ഹൃദയം തുറന്നുള്ള നറുപുഞ്ചിരി കണ്ട ദീപന് ഉള്ളിൽ അതിശയം അടക്കാൻ ആയില്ല…
ദീപന്റെ സംശയത്തിന് ഉത്തരം എന്നോണം അനഖയുടെ കയ്യിൽ തന്റെ കൈ ചുറ്റി പിടിച്ചു പാർവതി അവനെ നോക്കി കണ്ണ് ചിമ്മി.
“നിങ്ങള് വന്നിട്ട് ഒത്തിരി നേരം ആയോ….”
ഉള്ളം നിറഞ്ഞ സന്തോഷത്തിൽ ദീപൻ അവരോടു ചോദിച്ചു.
“ഹ്മ്മ് കുറച്ചു നേരമായി…ഞങ്ങൾ ദാ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”
സന്ധ്യ പറഞ്ഞത് കേട്ടതും പാർവതി മുഖം ചെറുതാക്കി അനഖയെ നോക്കി.
“ഇറങ്ങണം ഏട്ടത്തി….നാളെ ഓഫീസിൽ പോവണ്ടതല്ലേ ചെന്നിട്ട് ഒത്തിരി പണി ഉണ്ട്….”
“എങ്കി നാളെ വരുവോ….”
പ്രതീക്ഷയോടെ ഒരു കൊച്ചു കുട്ടിയെപോലെയുള്ള പാർവതിയുടെ ചോദ്യം അവൾക്ക് നിരാകരിക്കാൻ ആയില്ല.
“നാളെ ഇവിടെ വന്നിട്ടേ വീട്ടിലേക്ക് പോണുള്ളു പോരെ…”
“നിക്കറിയില്ല പക്ഷെ നിന്നെ ഞാൻ ഒത്തിരി അറിയുന്നപോലെ…..നിന്നോട് മിണ്ടിയിരിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നണുണ്ട്….അതോണ്ടാട്ടോ….”
അനഖയുടെ കൈ കവർന്നുകൊണ്ടു പാർവതി പറയുന്നത് കേട്ട സന്ധ്യയും അനഖയും പുഞ്ചിരി തൂകിയപ്പോൾ ദീപന്റെ ഉള്ളിൽ എന്നോ കെട്ടുപോയ നാളത്തിന് വീണ്ടും തിരി തെളിഞ്ഞിരുന്നു.
“ന്നാ ഞങ്ങൾ ഇറങ്ങട്ടെ ഏട്ടത്തി….”