ഒന്ന് നിര്‍ത്തിയ ശേഷം അച്ചന്‍ തുടര്‍ന്നു:
“പിന്നെ..നിന്റെ ഈ വരവ് ഒരു ദൈവനിയോഗമാണ് എന്നു ഞാന്‍ കരുതുന്നു.. നിന്നെ ഇന്നൊന്നു കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പക്ഷെ നിന്റെ താമസ സ്ഥലമോ വിളിക്കാനുള്ള നമ്പരോ ഒന്നും ഇത്ര നാളായിട്ടും ഞാന്‍ ചോദിച്ചിട്ടുമില്ല, നീയൊട്ടു പറഞ്ഞിട്ടുമില്ല. അതുകൊണ്ട് നിന്നെ എങ്ങനെ കണ്ടെത്താന്‍ പറ്റും എന്നാലോചിച്ചു കൊണ്ടാണ് ഇന്നലെ ഞാന്‍ കിടന്നത്..രാവിലെ നിന്നെ ഇവിടെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു..കാരണം നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു..” അച്ചന്‍ പറഞ്ഞു.
വാസു താല്‍പര്യത്തോടെ അച്ചനെ നോക്കി.
“ഇന്നലെവരെ നിന്നോട് അത് പറഞ്ഞിട്ട് ഗുണമുണ്ടാകുമോ എന്നൊരു സന്ദേഹം എനിക്കുണ്ടായിരുന്നു; എന്നാല്‍ ഇന്ന് നീ അതിനു സമ്മതിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു; കാരണം ഇന്നലത്തെ നീയല്ല ഇന്നെന്റെ മുന്‍പില്‍ ഇരിക്കുന്ന നീ”
“അച്ചന്‍ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും എന്നറിയാമല്ലോ..പിന്നെന്താ ഈ സംശയം?” വാസു ചോദിച്ചു.
“സാഹചര്യം കൂടി നോക്കണമല്ലോ മോനെ….ഇന്നലത്തെ നിന്റെ സാഹചര്യം ഇന്ന് മാറി..അത് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞാന്‍ കാര്യത്തിലേക്ക് വരാം. എറണാകുളത്ത് എന്റെ ഒരു പരിചയക്കാരന്‍ ഉണ്ട്. പരിചയക്കാരന്‍ എന്ന് പറഞ്ഞാല്‍ എന്നോട് വളരെ വിധേയത്വവും സ്നേഹവും ഉള്ള ഒരാള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ അറിയും. ഇടയ്ക്കിടെ തിരക്കുകള്‍ മാറ്റി വച്ച് പുള്ളി എന്നെ കാണാനും വരാറുണ്ട്. പേര് പുന്നൂസ് വള്ളിക്കാടന്‍..നീ കേട്ടിട്ടുണ്ടാകും; വലിയ ഒരു ബിസിനസുകാരനും അല്‍പസ്വല്‍പം രാഷ്ട്രീയവും ഒക്കെയുള്ള ആളാണ്..പുന്നൂസ് ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അതിന് എന്റെ ഒരു സഹായം തേടിയാണ് അയാള്‍ എത്തിയത്. അയാളുടെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് നിന്നെയാണ് ആദ്യം ഓര്‍മ്മ വന്നത്… നിന്നെ കണ്ടുകിട്ടിയാല്‍ അയാളെ വിവരം അറിയിക്കാമെന്നും അറിഞ്ഞാലുടന്‍ തന്നെ എത്തിക്കോളാം എന്നും അയാള്‍ എന്നോട് പറഞ്ഞിട്ടാണ് പോയത്. നിനക്ക് സമ്മതമാണ് എങ്കില്‍ നിനക്കൊരു ജോലിയുമാകും അയാള്‍ക്ക് ഒരു വലിയ ആശ്വാസവും..എന്ത് പറയുന്നു…” അച്ചന്‍ അവനോടു ചോദിച്ചു.
“എനിക്ക് ഒരു ജോലി വേണം അച്ചോ..എന്ത് ജോലി ആണേലും ഞാന്‍ തയാറാണ്..” വാസുവിന് അതില്‍ ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.