അങ്ങനെ രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു നിന്നും മകം നാളിൽ പിറന്ന കമല ചിറക്കലെ മരുമകളായി…വിവാഹ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ കൈമൾ ഓർമയായി…അതിന്റെ മുറിവുണങ്ങും മുൻപ് അയാളുടെ നിഴലായിരുന്ന ഭാര്യയും…..വീണ്ടും ചിറക്കൽ തറവാട് കൃഷിക്കാര്യങ്ങളിൽ മാത്രമായി മുഴുകിപോന്നു…. ഉറ്റ സുഹൃത്തായ ശങ്കരനെ കാര്യസ്തനായി നിയമിച്ചതോടു കൂടി ശിവരാമൻ കണക്കുകൾ കൊണ്ടുള്ള തലവേദനയും നിന്നും കുറെയേറെ രക്ഷപ്പെട്ടു….
വിവാഹത്തിനു രണ്ടു വർഷം കഴിഞ്ഞ് കമല സിദ്ദുവിനെ പ്രസവിച്ചു..ആൺകുട്ടി ആണെന്നറിഞ്ഞതോടെ അയാൾ ആ താക്കോൽ ശങ്കരനെ ഏൽപ്പിച്ചുകൊണ്ട് അച്ഛൻ കൈമൾ തനിക്ക് നൽകിയ ഉപദേശം അറിയിച്ചു.. സ്വന്തം പിതാവായി ശിവരാമൻ ഉള്ളതുകൊണ്ട് അന്ന് ആ താക്കോൽ വാങ്ങാൻ ശങ്കരൻ കൂട്ടാക്കിയില്ല, അതുകൊണ്ട് തന്നെ ശങ്കരന് കൂടി കിട്ടുന്ന ഒരു സ്ഥലത്ത് ശിവരാമൻ അത് എടുത്തുവെച്ചു…
പിന്നെയും കാര്യങ്ങൾ സന്തോഷത്തോടെ പോകുമ്പോളാണ് ഒരു തോണി മറിഞ്ഞുള്ള അപകടത്തിൽ അച്ഛൻ ശിവരാമനും അമ്മ കമലയും സിദ്ധുവിന് നഷ്ടമാകുന്നത്… അന്ന് ആ സങ്കട കണ്ണീരിനിടയിലാണ് ശിവരാമൻ പറഞ്ഞിരുന്ന കാര്യങ്ങളും കൈമളുടെ നിർദ്ദേശങ്ങളും എല്ലാം ശങ്കരന്റെ മനസിലൂടെ കടന്നുപോയത്… അന്ന് മുതൽ അയാൾക്ക് മനസിലായി താൻ കൈമാറാനുള്ളത് അത്ര നിസാരപ്പെട്ട ഒന്നല്ലെന്നും, കാലങ്ങൾക്ക് മുൻപ് അത് കൂട്ടിക്കിഴിച്ചു വെച്ച ആൾ ഇനി അങ്ങോട്ട് ഇത് സഞ്ചരിക്കേണ്ട കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും… പക്ഷെ അത് എന്താണെന്നും എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നോ ആ പാവത്തിന് അറിയില്ലായിരുന്നു, അല്ല അത് അയാളെ ഏൽപ്പിച്ച ശിവരാമനും…..
——-========——-=======–
ഇനി സിദ്ധുവിലേക്ക് തന്നെ വരാം
സിദ്ധു – ഇലഞ്ഞിദേശം എന്ന മനോഹരമായ ഗ്രാമത്തിലെ ധനികമായ ചിറക്കൽ തറവാട്ടിലെ സന്തതി..പക്ഷെ 3മത്തെ വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു അനാഥത്വം പേറേണ്ടി വന്ന നിർഭാഗ്യവാൻ…പണം എത്രത്തോളം ഉണ്ടെങ്കിലും അനാഥത്വം വലിയൊരു ദാരിദ്ര്യമാണെന്ന് സിദ്ധു വളരെ ചെറുപ്പത്തിൽ തന്നെ മനസിലാക്കി, അതിനുള്ള അവസരം ഇല്ലാതാക്കാൻ ശങ്കരനും ലക്ഷ്മിയും വളരെയേറെ പരിശ്രമിച്ചെങ്കിലും…
പെൺകുട്ടികൾ മാത്രമായിരുന്ന അവർക്ക് സിദ്ധു പ്രിയപ്പെട്ടവനായിരുന്നു…സിദ്ദുവിന്റെ സ്വത്തുക്കൾ എല്ലാം ശങ്കരൻ നല്ല രീതിയിൽ നോക്കി… എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമായിരുന്ന കണക്കറ്റ സ്വത്തുക്കൾ അയാൾ വെറുമൊരു കാര്യസ്തനായി നിന്നു മാത്രം നോക്കിപ്പോന്നു…