സിദ്ധു കൈയിലെ താക്കോൽ കൊണ്ട് തിരിച്ചപ്പോൾ ആ പൂട്ട് തുറന്നു.. അത്യധികം ആകാംഷയോടെയും പേടിയോടെയും അവൻ ഉള്ളിലേക്ക് കയറി…
ഉള്ളിൽ ലൈറ്റ് ഇല്ലെന്നു മനസിലായപ്പോൾ തിരികെ റൂമിൽ വന്നു ടോർച്ചെടുത്തു പോയി… ജനലുകളും വാതിലും അടഞ്ഞുകിടന്നിരുന്നാലും പകൽ സമയമായതുകൊണ്ട് ഉള്ളിൽ കുറ്റാക്കൂരിരുട്ട് അല്ലായിരുന്നു..മാറാലയും താഴെയുള്ള എന്തൊക്കെയോ സാധനങ്ങളുടെയും ഇടയിലൂടെ പതിയെ തപ്പിപിടിച്ചു അങ്ങേരു പറഞ്ഞ തകരപ്പെട്ടി എടുത്ത് ആ റൂം അങ്ങനെതന്നെ പൂട്ടി തിരികെ തന്റെ റൂമിലേക്ക് സിദ്ധു മടങ്ങി..
വീണ്ടും വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ആ തകരപ്പെട്ടി എടുത്ത് മേശമേൽ വെച്ച് തുറന്നു. അതിനുള്ളിലും ഒരു പട്ടിന്റെ തുണി മടക്കിവെച്ചിരുന്നു..
അത് എടുത്ത് നിവർത്തിയ സിദ്ധു അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..
” അരയന്മലയിലെ ആറു വിരലുള്ള അറുമുഖനെ കണ്ട് ഈ കത്ത് കാണിക്കുക… മൂന്നു വർഷങ്ങൾക്ക് ശേഷം പഠനം കഴിഞ്ഞേ തിരികെ വരാവൂ..എല്ലാം കഴിയുന്നത്ര രഹസ്യമായി സൂക്ഷിക്കുക… ”
ആ വാചകങ്ങളും അവൻ ഒരു ആവർത്തിക്കൂടി വായിച്ചു… ആറു വിരലുള്ളയാൾ, അരയൻ മല… എങ്ങനെ കണ്ടുപിടിക്കും..?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…
ഇനി ചെന്നു അന്വേഷിക്കുന്ന ആൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെങ്ങനെ അറിയും..? സിദ്ധു വല്ലാതെ ആശയക്കുഴപ്പത്തിലായി..
വെറുമൊരു കത്താണ്… അത് പറയുന്നത് പ്രകാരം വേണമെങ്കിൽ പോവാം ഇനി വേണ്ട എന്നാണെങ്കിൽ ഇത് തിരികെ വെച്ച് മിണ്ടാണ്ടിരുന്നാൽ മതി, ആരും ഇത് പറഞ്ഞു വരാനില്ല.. എന്താണ് നല്ലത് എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു..
ഉച്ചക്ക് ഊണ് കഴിക്കുമ്പോളും അവന്റെ ചിന്തകൾ ഇത് തന്നെ ആയിരുന്നു.. ലക്ഷ്മിയമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും അവന്റെ അന്തം വിട്ട മറുപടി കേട്ടപ്പോൾ നിർത്തി…അവന്റെ ചിന്ത അന്ന് മുഴുവൻ അതിനെപ്പറ്റി ആയിരുന്നു..
എന്തായിരിക്കും തനിക്ക് വേണ്ടി ആ കാട്ടിൽ കാത്തിരിക്കുന്ന രഹസ്യം… അത് അറിയാതെ മണ്ണടിയുന്നതും മണ്ടത്തരമാണെന്ന് അവന് തോന്നി.. കുറെ കാലങ്ങൾക്ക് ശേഷം അന്ന് അത് ചെയ്യാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടാവരുതല്ലോ…
അതേ സമയം അറിയാത്ത ഒരിടത്തേക്ക് അറിയാത്ത ഒരാളെ കാണാൻ പോകുക എന്നതിലുള്ള റിസ്ക് വേറെയാണ്… പിന്നെ മൂന്നു വർഷക്കാലം എന്ന കാലയളവും… ഈയിടെയായി ചിറക്കൽ വിട്ടു പോവാൻ അവന് താല്പര്യമില്ല… പിന്നെ പഠിക്കാനുള്ളത് എന്ത്…??
അവസാനം എന്തും വരട്ടെ എന്ന് കരുതിയ സിദ്ധു പോയിനോക്കാൻ തന്നെ തീരുമാനിച്ചു… അതിനു വേണ്ട കാര്യങ്ങളും മാർഗങ്ങളും കണ്ടുപിടിക്കാൻ തീരുമാനിച്ചു…