എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വേഗത്തിൽ ഓടിപ്പോയി ഫ്രിഡ്ജ് തുറന്നു. ഒരു പിടി ഐസ് ക്യൂബ്സുമായി അവൾ പാഞ്ഞുവന്നു.
ശേഷം ആമിയും നിധിയും കൂടി എന്റെ ഇരുവശത്തായി നിന്നു. നീരു വന്ന് വീർത്ത എന്റെ കൈപ്പത്തിയിൽ, ആ തണുത്ത ഐസ് കട്ടകൾ അവർ മാറി മാറി വെച്ചുതന്നു.
അവരുടെ ആ സ്പർശനത്തിലും പരിചരണത്തിലും, കഠിനമായ വേദനയ്ക്കിടയിലും നേരിയൊരു ആശ്വാസം എനിക്ക് തോന്നി.
ആ നിമിഷം, മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
കഴിഞ്ഞുപോയ ലൂപ്പുകളെക്കുറിച്ച് എനിക്ക് യാതൊരു ഓർമ്മയുമില്ല.
അവർ പറഞ്ഞുതന്ന അറിവ് മാത്രമേ എനിക്കുള്ളൂ. എങ്കിലും, എന്റെ ഓർമ്മയിൽ ഇല്ലാത്ത ആ കാലയളവുകളിൽ… മാഞ്ഞുപോയ ആ ലൂപ്പുകളിൽ ഞാൻ എന്ത് പുണ്യം ചെയ്തിട്ടാവണം ഇവരെ എനിക്ക് ഇങ്ങനെ സ്വന്തമായി കിട്ടിയത്?
എനിക്കറിയില്ല… പക്ഷേ, എനിക്ക് ഓർമ്മയില്ലാത്ത ആ കാലത്ത് ഞാൻ ചെയ്തു കൂട്ടിയ നന്മകളുടെ ഫലമാവാം ഈ കരുതൽ…. ഈ സ്നേഹം…
അവരുടെ കണ്ണുകളിലെ ആ ആത്മാർത്ഥത കണ്ടപ്പോൾ, ഈ വേദന പോലും ഒരു സുഖമായി എനിക്ക് തോന്നി.
അപ്പോഴാണ്, പെട്ടെന്ന് എന്തോ ഓർത്തതുപോലെ ഐഷു ചേച്ചി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റത്. മുഖത്തൊരു വെപ്രാളം തെളിഞ്ഞു.
ശേഷം സ്വയം എന്തോ പിറുപിറുത്തുകൊണ്ട്, ഫോണുമെടുത്ത് ചേച്ചി ധൃതിയിൽ ഡൈനിങ് ഹാളിൽ നിന്നും പുറത്തേക്ക്, സിറ്റൗട്ടിലേക്ക് നടന്നുപോയി.
ആരെയാണ് ഇത്ര അടിയന്തിരമായി വിളിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും, കാര്യമായ എന്തോ ഒന്നാണെന്ന് ചേച്ചിയുടെ പോക്ക് കണ്ടപ്പോൾ തോന്നി.