“സത്യം പറഞ്ഞാൽ… ഇന്നലത്തെ ആ ഓട്ടത്തിനിടയിലും ക്ഷീണത്തിനിടയിലും ഞാനക്കാര്യം പറയാൻ മറന്നുപോയി…”
“എന്ത് കാര്യം? എന്താ നീ മറച്ചുവെച്ചത്?”
ചേച്ചി അക്ഷമയോടെ ചോദിച്ചു.
ഞാൻ ശ്വാസം ഒന്ന് വലിച്ചുവിട്ടു. പിന്നെ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് പറയാൻ തുടങ്ങി.
രാത്രി കൃതികയുടെ ഫോൺ വന്നത് മുതൽ… രാത്രി ആ സ്ത്രീയും പുരുഷനും അവിടേ നിന്നും പോയത് വരേയുള്ള, എല്ലാം അവർക്ക് മുന്നിൽ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു…
എല്ലാം പറഞ്ഞു നിർത്തിയപ്പോൾ അവിടെ കനത്ത നിശബ്ദത തളംകെട്ടി നിന്നു.
ആ നിശബ്ദതയ്ക്കിടയിൽ നിധി എന്നെ നോക്കിയത് ഒന്ന് കാണേണ്ടതായിരുന്നു.
കണ്ണുകൾ കൊണ്ട് അവൾ എന്നെ ചുട്ടുകരിക്കുകയായിരുന്നു എന്ന് വേണം പറയാൻ.
“ഇത്രയും വലിയൊരു കാര്യം നീ ഇപ്പോഴാണോടാ പറയുന്നത്?” എന്ന ഭാവത്തിൽ, പല്ലിറുമ്മിക്കൊണ്ട് അവൾ എന്നെ നോക്കി പേടിപ്പിച്ചു.
ആ നോട്ടം കണ്ടതും എന്റെ ഉള്ളൊന്നു കാളി… നേരത്തെ അവൾ പറഞ്ഞ ‘സാമാനം ചെത്തി ഉപ്പിലിടുന്ന’ കാര്യം ഓർമ്മ വന്ന്, ഒരു നിമിഷം ഞാൻ അറിയാതെ കാലുകൾ ഒന്ന് ചേർത്തുവച്ചുപോയി.
എന്നാൽ ചേച്ചിയുടെ പ്രതികരണം അതിലും രൂക്ഷമായിരുന്നു.
ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടതും, തലയ്ക്കുള്ളിൽ ആയിരം ചിന്തകൾ ഒന്നിച്ചു വന്നതുപോലെ ചേച്ചി സോഫയിൽ നിന്നും ചാടി എഴുന്നേറ്റു. തല പെരുക്കുന്നത് സഹിക്കാൻ വയ്യാത്തതുപോലെ, ചേച്ചി ഇരു കൈകൾ കൊണ്ടും തല അമർത്തിപ്പിടിച്ചു.