ഉമ്മ അപ്പോഴും മാങ്ങ പെറുക്കി ചാക്കിൽക്കെട്ടുന്ന അവരിൽ തന്നെയായിരുന്നു ശ്രദ്ധ.
റിയാസ് കഴിച്ച് കൊണ്ടിരിക്കുബോൾ അവൻ്റെ ഇക്ക കയറി വന്നു. പെട്ടെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് മാങ്ങ കടയിൽ കൊടുത്ത് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഇക്ക പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. ഇക്കയെ യാത്രയാക്കിക്കഴിഞ്ഞ് സൈനബ അടുക്കളയിലേക്ക് ചെന്നു. അവൻ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ അപ്പോഴും കടന്നൽകുത്തിയത് പോലെ നെറ്റിചുളിച്ച് അവർക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു.
“…ഹായ്…സൈനൂത്താ…ഞങ്ങടെ വീടും പരിസ്സരോം ഇഷ്ട്ടപ്പെട്ടായിരുന്നോ…ഹേ…”.
“…അതിനെന്താ റിയാസ്സൂ …ഇവിടൊക്കെ എനിക്ക് പെരുത്തിഷ്ട്ടായി…..”.
“….ഈ അട സൈനൂത്തയാ ഉണ്ടാക്കിയെ…..”.
കഴിച്ചുകൊണ്ടിരിക്കുന്ന അട എടുത്ത് ഉയർത്തികൊണ്ടാവാൻ ചോദിച്ചു.
“……അതെ..നന്നായിട്ടില്ലേ…..”. അവൾ ചെറുതായി പരിഭ്രമിച്ചു.
“…ഏയ്…നന്നായിട്ടുണ്ട്….ഉഗ്രൻ ടെയ്സ്റ്റ്……”. റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“…ന്റെ ബദിരങ്ങളെ….ഇമ്മള് പേടിച്ച് പോയിക്കണ്…..”.
റിയാസിനൊപ്പം സൈനബയും ചിരിച്ചു.
ആ നല്ലൊരു അന്തരീക്ഷത്തിൽ അവൻ മതി മറന്ന് സംസാരിക്കാൻ തുടങ്ങി. സൈനബയും അത്യാവശ്യം അതിനൊക്കെ നർമ്മം കലർത്തി ഉത്തരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.ഇതൊന്നും കണ്ടു നിന്ന റിയാസിന്റെ ഉമ്മക്ക് സഹിച്ചില്ല. അവർ കലി തുള്ളിക്കൊണ്ട് അവരുടെ അരികിലേക്ക് വന്നു.
“..ഡീ …സൈനബേ …..ഇതൊന്നും ഇവിടെ നടക്കില്ല…..സംഗതി നിന്റെ കെട്ട്യോന്റെ അനിയനാണ് എന്ന വിചാരിച്ച് ഇങ്ങനെയാ പെരുമാറണ്ടേ…..നിന്റെ വീട്ടിൽ അതായിരിക്കും സംസ്ക്കാരം….അതിവിടെ നടക്കില്ല……”.
“…അതിന് ഞാൻ തെറ്റായൊന്നും റിയാസൂനോട് പറഞ്ഞില്ലല്ലോ ഉമ്മാ….”.
“…അതൊന്നും നീ ന്യായികരിക്കണ്ട ……ഇനി മുതൽ ഇവനോട് മിണ്ടുന്നതെങ്ങാനും കണ്ടാൽ….നിന്റെ ഇവിടെത്തെ പൊറുതി ഞാൻ നിർത്തും….”.
ഇത് പറഞ്ഞ് കഴിഞ്ഞ് ദ്വേഷ്യത്തിൽ ജ്വലിച്ച് നിൽക്കുന്ന ഉമ്മയുടെ മുഖത്ത് റിയാസിനും സൈനബക്കും നോക്കാൻ തന്നെ പേടിയായി. രംഗം പന്തിയല്ല എന്ന കണ്ട അവൻ ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കുക എന്ന വ്യാജേന ഇരുന്നു. കാത് മുഴുവൻ വീട്ടിനകത്ത് എന്താണ് നടക്കുന്നതെന്നറിയാൻ കുർപ്പിച്ചവൻ പിടിച്ചു. ഭാഗ്യത്തിന് പിന്നീട് മറ്റു വിഷയങ്ങളൊന്നും ഉണ്ടായില്ല.