”നമുക്ക് തള്ളി തുറന്ന് നോക്കിയാലോ?”
നാസർ വാതിലിന് അടുത്തേക്ക് നീങ്ങി.
ടക്… ടക്… ടക്!
പെട്ടെന്ന് അടുക്കള ഭാഗത്ത് നിന്ന് എന്തോ പാത്രങ്ങൾ താഴെ വീഴുന്ന കഠിനമായ ശബ്ദം കേട്ടു. ആരോ അവിടെ ഉണ്ടെന്നത് പോലെ! വിഷ്ണുവും കിരണും പോയ വണ്ടി തിരികെ വന്നിട്ടില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. പിന്നെ ആരാണ് അവിടെ?
അടുക്കളയിൽ നിന്ന് എന്തോ ഒന്ന് നിലത്തുകൂടി വലിച്ചിഴക്കുന്ന ശബ്ദം കൂടി കേട്ടതോടെ അവരുടെ ഉള്ളിലെ ലഹരി ആവിയായിപ്പോയി. ആ പഴയ ഫ്ലാറ്റിലെ നിഗൂഢതകൾ ഈ വീട്ടിലേക്കും എത്തിയതുപോലെ.
”എടാ… ഇവിടെന്തോ കുഴപ്പമുണ്ട് മാറ്റാരോ അവിടെയുണ്ട് . നമുക്ക് പോകാം!”
അനന്തുവിന്റെ ശബ്ദം വിറച്ചു.
നാസറും സാമും ഒന്നും ആലോചിച്ചില്ല. ആ ഭയം അവരെ കീഴടക്കിയിരുന്നു. അവർ വേഗം വീടിന് പുറത്തേക്ക് ഓടി, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ആ രാത്രിയുടെ ഇരുട്ടിലേക്ക് മറഞ്ഞു. അവർ പോയിക്കഴിഞ്ഞപ്പോൾ, അടച്ചിട്ട ആ മുറിക്കുള്ളിൽ നിന്ന് ആരുടെയോ ഒരു നേർത്ത ഒരു ചിരി ഉയർന്നു കേട്ടു.
……….
ആ ഭിക്ഷക്കാരന്റെ വാക്കുകളും ഫ്ലാറ്റിൽ നിന്ന് കിട്ടിയ ഷാളും വിഷ്ണുവിനെയും കിരണിനെയും വല്ലാതെ ഉലച്ചുകളഞ്ഞു.
“എടാ നീ വണ്ടിയെടുക്ക് എനിക്കൊരു കാര്യം അറിഞ്ഞേ പറ്റു”
“എന്താ കിരൺ കാര്യം പറ’
“നിന്റെ അ വണ്ടി എവിടെയാ”
“വർഷോപ്പിൽ ഉണ്ട്”
“നീ വാ എനിക്കൊന്നു അ വണ്ടി നോക്കണം”
“ഓക്കേ”
സത്യം തേടിയുള്ള അവരുടെ യാത്ര നേരെ എത്തിയത് അപകടത്തിൽ തകർന്ന കാർ കിടക്കുന്ന വർക്ക്ഷോപ്പിലേക്കാണ്. ആ രാത്രിയിൽ അവർ നടത്തിയ ആ പരിശോധന ഞെട്ടിക്കുന്ന ചില സത്യങ്ങൾ പുറത്തുകൊണ്ടുവന്നു.