“എടാ… നീ എന്താ പറഞ്ഞു വരുന്നത്? ആ വീഡിയോയിൽ ഉണ്ടായിരുന്നത് നക്ഷത്രയാണെന്നാണോ?”
ജാഫർ വിറച്ചു കൊണ്ട് കൈകൾ കൂപ്പി.
“അല്ല സാറേ… എനിക്ക് ആ വീഡിയോ വ്യക്തമായി കാണാൻ പറ്റിയില്ലെന്ന് പറഞ്ഞല്ലോ. പക്ഷേ ആ വീഡിയോ കണ്ടതും നക്ഷത്രയുടെ മുഖം പാടെ മാറിയിരിന്നു
ജാഫർ അടുത്ത രംഗം വിവരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം വീണ്ടും മിന്നിമറഞ്ഞു. പക്ഷേ വിഷ്ണുവിന്റെ ഉള്ളിൽ അത് ഒരു ആയുധം കൊണ്ട് ആഞ്ഞു കുത്തുന്നതിന് തുല്യമായിരുന്നു.
”സാർ… ആ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നക്ഷത്രയുടെ ഭാവം ഒന്ന് കാണേണ്ടതായിരുന്നു. അവളുടെ കണ്ണുകൾ തിടുക്കത്തിൽ ചലിക്കുന്നുണ്ടായിരുന്നു, പക്ഷേ ശരീരം ഒരു മരം പോലെ മരവിച്ചുപോയി. യാതൊരു പ്രതികരണവുമില്ലാതെ അവൾ ആ ദൃശ്യങ്ങളിലേക്ക് നോക്കി നിന്നു. പക്ഷേ… പക്ഷേ വിചിത്രമായ മറ്റൊരു കാര്യം ഞാൻ കണ്ടു. ആ വീഡിയോ കാണിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ! അയാൾ കരയുകയായിരുന്നു സാർ.”
വിഷ്ണുവും കിരണും പരസ്പരം നോക്കി. തന്നെയും നക്ഷത്രയെയും ഉപദ്രവിക്കുന്ന ആ ക്രൂരൻ എന്തിനായിരിക്കും കരയുന്നത്? അതൊരു പകയാണോ അതോ അതിനു പിന്നിൽ വികാരാധീനമായ മറ്റേതെങ്കിലും കാരണമുണ്ടോ?
ജാഫർ അൽപം കൂടി ശബ്ദം താഴ്ത്തി തുടർന്നു:
“ആ നിലാവെളിച്ചത്തിൽ ഞാൻ മറ്റൊരു ഭീകരമായ കാഴ്ച കണ്ടു. ഒരു വശത്ത് അയാൾ കരയുന്നുണ്ടായിരുന്നു, മറുവശത്ത് അയാളുടെ കളികൾ നടക്കുന്നുണ്ടായിരുന്നു.