കളക്‌ടർ ആദ്യം കവിയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സംസാരിച്ചു.പിന്നെയായിരുന്നു പ്രകാശനം. അതിനു ശേഷം ജയകൃഷ്ണൻ മൈക്കിനെ സമീപിച്ചു.
“എന്റെ ഈ പുസ്തകം ഞാൻ സമർപ്പിക്കുന്നത്…ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ ഭാര്യ ഗായത്രി ചതുർവേദിയ്ക്കാണ്…”
കണ്ണുകൾ വേദിയ്ക്ക് മുമ്പിലിരുന്ന മീരയെ തിരഞ്ഞു.
അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.
“ഒരിക്കൽ സൈനികനായിരുന്ന അവളുടെ ബന്ധു അതിർത്തിയിൽ രക്തസാക്ഷിയായപ്പോൾ, അയാളുടെ ശരീരം അവളുടെ ഗ്രാമത്തിലെത്തിച്ചപ്പോൾ ഞാൻ അരികിൽ ഉണ്ടായിരുന്നു. അന്ന് അടുത്ത ബന്ധുക്കൾ ഒക്കെ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. രണ്ടു ദിവസങ്ങൾക്ക് ശേഷം ഗായത്രി എന്നോട് ചോദിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും മറക്കാനാവാത്ത മാധുര്യമുള്ള ചുംബനമേതാണ്? അമ്മയുടെ ചുണ്ടിൽ നിന്ന് അപ്പൂപ്പൻ താടിപോലെ കുഞ്ഞിന്റെ കവിളിലേക്ക് പറന്നിറങ്ങുന്ന ചുംബനമാണോ? മന്താരപ്പൂക്കൾ നിറഞ്ഞ താഴ്വാരത്ത് മഴവില്ലുകൾ സാക്ഷി നിൽക്കേ ആണ് പെണ്ണിന് നൽകുന്ന ആദ്യത്തെ ചുംബനമാണോ? ഭാര്യയുടെ ജഡത്തിന്റെ മരവിച്ച ചുണ്ടിൽ വിരഹ സ്നിഗ്ധനായ പുരുഷനർപ്പിക്കുന്ന അന്ത്യ ചുംബനമാണോ? ഏതാണ്? അവസാനം പറഞ്ഞ ആ ചുംബനത്തിന്റെ ഊഷ്മാവാണ് ഈ കവിതകൾക്ക് ഊർജ്ജം നൽകിയത്…”
പെട്ടെന്ന് തൊട്ടടുത്ത് നിന്ന് മീര ഒരേങ്ങൽ കേട്ടു. മുഖം ചരിച്ചു നോക്കിയപ്പോൾ സോഫിയയാണ്. അച്ഛന്റെ വാക്കുകളിലെ സ്നേഹജ്വാല നൽകിയ കണ്ണുനീരിനിടയിലൂടെ അവൾ കൂട്ടുകാരിയെ നോക്കി പുഞ്ചിരിച്ചു.
“നീയെപ്പഴായിരുന്നു വന്നേ?”
അച്ഛന്റെ വാക്കുകളിൽ നിന്ന് ശ്രദ്ധമാറ്റി മീര സോഫിയയോട് ചോദിച്ചു.
“അച്ഛന്റെ വാക്കുകൾ നിന്നെ ഇത്രേം ടച്ച് ചെയ്തോ മോളേ?”
സോഫിയയിൽ നിന്ന് ഉത്തരമുണ്ടാകാതെ വന്നപ്പോൾ മീര വീണ്ടും ചോദിച്ചു.
“അത്! അത് ..എന്റെ മോളേ …നിന്റെ അച്ഛൻ…അച്ഛനാരുന്നോ?”
മീരയെ അദ്‌ഭുതപ്പെടുത്തികൊണ്ട് സോഫിയ പെട്ടെന്ന് ചാടിയെഴുന്നേറ്റു. ആളുകൾ നോക്കി നിൽക്കെ അവൾ വേദിയിലേക്ക് കയറി. സദസ്സിലെ ആളുകളൊക്കെ വിസ്മയപ്പെട്ടു നിൽക്കെ അവൾ ജയകൃഷ്ണനെ സമീപിച്ചു. തന്നെ സമീപിക്കുന്ന പെൺകുട്ടിയെ അയാൾ പുഞ്ചിരിയോടെ നോക്കി.
സോഫിയ അയാൾക്ക് മുമ്പിൽ കുനിഞ്ഞ് അയാളുടെ പാദം തൊട്ടു വന്ദിച്ചു.
പിന്നെ വിസ്മയം കൊണ്ട് തീവ്രഭാവം പൂണ്ട സദസിനെയും വേദിയിലെ വിശിഷ്ടവ്യക്തികളെയും നോക്കാതെ അവൾ ടൗൺ ഹാളിന്റെ വാതിൽക്കലേക്ക് വേഗത്തിൽ നടന്നു.
മീരയ്‌ക്കൊന്നും മനസ്സിലായില്ല.
“സോഫിയക്ക് അച്ഛന്റെ സ്പീച്ച് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു,”