സോഫിയ ചിരിച്ചു.
“എന്ന് വെച്ചാൽ?”
മനസ്സിലാകാതെ മീര ചോദിച്ചു.
“നിന്റെ ചിരിയിൽ എന്താ ഒരു ദുസ്സൂചന?”
“ഒന്നുമില്ല,”
സോഫിയ വീണ്ടും ചിരിച്ചു.
“നീ കുഞ്ഞാ, വലുതാവുമ്പോൾ താനേ മനസ്സിലായിക്കോളും ഡെഡിക്കേഷൻ എന്ന് വെച്ചാൽ എന്താണ് എന്ന്!”
ഉള്ളിൽ ശരിക്ക് ചൊടിച്ചെങ്കിലും മീര അവളോട് തുടർന്നൊന്നും ചോദിക്കുകയുണ്ടായില്ല.
സ്വർണ്ണ നിറമുള്ള ഇലച്ചാർത്തുകൾക്ക് താഴെ, വെള്ളി മേഘങ്ങൾക്ക് താഴെ, വാഹനങ്ങൾ പ്രേതങ്ങളുടെ വേഗതയിൽ പായുമ്പോൾ ജയകൃഷ്ണനും മീരയും ടാഗോർ ഹാളിലേക്ക് നടന്നു.
“ഉം കൊള്ളാം,”
മീര ജയകൃഷ്ണന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“സെക്ഷൻ ഓഫീസറുടെ കവിത ഒരുപാട് ആളുകൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. നല്ല ആളുകൾ ഉണ്ടല്ലോ.”
ജയകൃഷ്ണൻ അകത്തേക്ക് കയറിയപ്പോൾ ആളുകൾ അയാളെ തന്നെ നോക്കി. ചിലർ എഴുന്നേറ്റു.
സുന്ദരിയായ ഒരു മധ്യവയസ്‌ക അവരെ സമീപിച്ചു.
“ആരാ ഇത് ജയാ?’
അവർ മീരയെ നോക്കി ചോദിച്ചു.
“മകളാണ്,”
അയാൾ പറഞ്ഞു.
“ങ്ഹേ!”
അവർ അവിശ്വസനീയതയോടെ ഇരുവരെയും നോക്കി.
“ജയന് ഇത്രേം മുതിർന്ന മകളോ?”
അയാൾ പുഞ്ചിരിച്ചു.
പെട്ടെന്ന് മറ്റുള്ളവരും ചുറ്റും കൂടി.
സാഹിത്യ പ്രേമിയായ ജില്ലാ കളക്റ്ററാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. കരഘോഷത്തിനിടയിലൂടെ ജയകൃഷ്ണൻ വേദിയിലേക്ക് കയറുമ്പോൾ അയാൾ മീരയെ നോക്കി.
“മോളും വാ സ്റ്റേജിലേക്ക്,”
അവൾ പുഞ്ചിരിച്ചു.
“ഇല്ല,”
അവൾ വിസമ്മതിച്ചു.
“എനിക്ക് അച്ഛനെ ശരിക്ക് കാണാൻ താഴെ ഇരുന്നാൽ മതി…”
അവൾ വേദിക്ക് തൊട്ടുമുമ്പിൽത്തന്നെയിരുന്നു.