പുനർജന്മം 1 – ശാരദാമ്മ [ഋഷി]

Posted by

ലേഖ ആശുപത്രിയിലേക്കു മാറാൻ വിസമ്മതിച്ചു. ഡോക്ടർമ്മാരും ഇനി വീട്ടിലെ അന്തരീക്ഷത്തിൽ അവൾക്ക് കൂടുതൽ സമാധാനം കിട്ടും എന്നഭിപ്രായപ്പെട്ടു. അവർക്കൊന്നും ചെയ്യാനുമില്ലായിരുന്നു. ഹരിയും ലേഖയും ഇത്തിരിയെങ്കിലും പിടിച്ചുനിന്നത് ശാരദാമ്മയുടെ നിരന്തരമായ സാന്നിദ്ധ്യം കൊണ്ടായിരുന്നു.

അവസാന ദിവസങ്ങളിൽ ലേഖയുടെ അമ്മ  പാർവ്വതിയും വന്നിരുന്നു. സ്റ്റ്രോക്കായി കിടക്കുന്ന ഭർത്തിവിനെ രണ്ടു ഹോംനേർസുമാരെ ഏല്പിച്ചിട്ട്.

പ്രതീക്ഷിച്ചതായിരുന്നെങ്കിലും സുന്ദരിയായ കൊച്ചുപെണ്ണ് ലേഖയുടെ വേർപാട് ഹരിയേയും അവരെ അറിയാവുന്ന എല്ലാവരേയും തളർത്തി. വീട്ടിലിരിക്കാൻ വയ്യാതെ ഹരി ഓഫീസിൽ ബിസിയാകാൻ ശ്രമിച്ചു. അവനൊരാഴ്ചത്തെ ടൂറിനു പോയി. പാർവ്വതിയും മടങ്ങി. ശാരദ ഒന്നു മൂരി നിവർത്തു. ലേഖ പോയപ്പോൾ ശരിക്കും മകൾ നഷ്ട്ടമായ അമ്മയുടെ ദുഖമവരറിഞ്ഞു. എന്നും കാണുമ്പോൾ സന്തോഷം കൊണ്ടു വിടരുന്ന ആ മുഖം, അമ്മേ എന്നുള്ള താണസ്വരത്തിലുള്ള വിളി, ക്ഷീണിച്ചു നെഞ്ചിലേക്കു ചാരിയുറങ്ങുമ്പോൾ ആ മുഖത്തു കാണുന്ന ശാന്തി,  തുണികളഴിച്ച് ശാരദ ചൂടുവെള്ളത്തിൽ  തോർത്തുമുക്കി തുടയ്ക്കുമ്പോൾ നാണം കലർന്ന അവളുടെ ചിരി… ആ എന്റെ മോളേ… ശക്തിസ്വരൂപിണി ആയിരുന്നെങ്കിലും അവർ രണ്ടുദിവസം ഒന്നും ചെയ്യാനാവാതെ ഇരുന്നുപോയി.

നാലു ദിവസം കഴിഞ്ഞ് ഹരി ജീവച്ഛവമായി തിരിച്ചു വന്നു. അവനു രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. പകൽ ഓഡിറ്റിങ്ങിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ടീം ലീഡർ സഹാനുഭൂതി കാണിച്ചതുകൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും, നാലാം ദിവസം അവർ എയർ ടിക്കറ്റെടുത്തു കൊടുത്ത് അവനെ വീട്ടിലേക്ക് വിട്ടു.

വൈകുന്നേരം ശാരദാമ്മ എന്തോ ഒച്ചകേട്ടാണ് വാതിൽ തുറന്നുനോക്കിയത്. ഹരിയതാ അവന്റെ ഫ്ലാറ്റിന്റെ വാതിലിൽ കുഴഞ്ഞുകിടക്കുന്നു!

ന്റെ മോനേ! വിറയ്ക്കുന്ന കൈകളിൽ അവരവനെ കോരിയെടുത്ത് വീട്ടീലേക്കോടി. മെലിഞ്ഞ ഹരി കഴിഞ്ഞ ആഴ്ച്ചകളിൽ എല്ലും തോലുമായിരുന്നു. അവർക്കൊരു കനവും തോന്നിയില്ല.

ഹരിയെ മടിയിൽ കിടത്തി, ഓഫീസിൽ നിന്നും വന്നുകേറിയ മാധവനെക്കൊണ്ട് ഗ്ലൂക്കോസ് കലക്കിച്ച് അവരവന്റെ വരണ്ട ചുണ്ടുകളിലിറ്റിച്ചു.

ലേഖ.. അമ്മേ…എന്റെ ലേഖ.. അവനെന്തൊക്കെയോ പുലമ്പി.

ഞാനമ്പലത്തിൽ സന്ധ്യാപൂജ തൊഴാൻ പോവാണ് ശാരദേ. മാധവൻ മന്ത്രിച്ചു.

മാധവേട്ടാ.. അവർ കണവന്റെ കരം കവർന്നു. ഇവന്റെ പേർക്ക് ഒരഞ്ജലിയും, നെയ്പ്പായസവും നേരണേ.

മാധവൻ വന്നപ്പോഴേക്കും രണ്ടിഡ്ഡലിയും സാമ്പാറും കഴിച്ച് ഹരി അവരുടെ സോഫയിൽ ബോധം കെട്ടുറങ്ങിയിരുന്നു. അവനെ ശാരദ വന്ന് ഒരു നേരിയ ഷീറ്റെടുത്തു പുതപ്പിച്ചു.

ദേവസ്വം ബോർഡിന്റെ സ്ഥലം പ്രധാന ഓഫീസറായ മാധവൻ കാലത്തേ വീടു വിടും. ഭക്ഷണം അമ്പലത്തിന്റെ അടുത്തുള്ള പോറ്റി ഹോട്ടലിൽ നിന്നും.

Leave a Reply

Your email address will not be published. Required fields are marked *