ആഗ്രഹം കൊണ്ട് രാജാറാമിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് വൈദി നിത്യക്ക് പകരം ഇളയവളായ നിവേദ്യയെ രാവണുമായി ചേർത്ത് വച്ചു…കുഞ്ഞും നാൾ മുതൽ നിവേദ്യ എന്ന വേദ്യ രാവിണിന്റെ പെണ്ണായി മാറി…. പക്ഷേ വൈദിയുടെ നീക്കങ്ങളെ പാടെ അവഗണിച്ച് കൊണ്ട് തന്റെ ബാല്യം മുതൽ രാവണിന്റെ മനസിൽ അവന്റെ പെണ്ണായി കയറിക്കൂടിയ മുഖം ത്രേയയുടേത് മാത്രമായിരുന്നു…..
കളിക്കൂട്ടുകാരിയായും,തന്റെ കിനാവുകളിലെ രാജകുമാരിയായും ത്രേയ മാറുന്നത് വളരെ ഇഷ്ടത്തോടെ രാവൺ അറിഞ്ഞു തുടങ്ങി….വൈദേഹിയും അതിനെ അനുകൂലിച്ചതോടെ ത്രേയ രാവണിന്റെ മാത്രം പെണ്ണായി മാറി….ജനനത്തോടെ അമ്മയെ നഷ്ടപ്പെട്ട ത്രേയയോട് ഒരുതരം വാത്സല്യം കൂടിയായിരുന്നു രാവണിന്……
വൈദേഹി നല്കുന്ന ചോറുരുളകൾ പങ്കിട്ട് കഴിയ്ക്കുമ്പോ മറ്റാർക്കും നല്കാതെ കരുതി വച്ച സ്നേഹം രാവൺ ത്രേയയ്ക്ക് മാത്രമായി പകർന്നു നല്കി…അത് പലപ്പോഴും വേദ്യയിലും നിത്യയിലും പരിഭവങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചു കൊണ്ടിരുന്നു…. എങ്കിലും അതിനെയെല്ലാം പാടെ അവഗണിച്ച് ത്രേയയ്ക്ക് മാത്രമായൊരിടം രാവൺ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചു….
ഓരോരുത്തരുടേയും വളർച്ച തെല്ലൊരു ഭയത്തോടെ ആയിരുന്നു വൈദി നോക്കി കണ്ടത്…തന്റെയുള്ളിലുള്ള വിശ്വാസം അനുസരിച്ച് വേദ്യയാണ് ഇന്ദ്രാവതി എന്നയാൾ ഉറപ്പിച്ചു…. അതുകൊണ്ട് തന്നെ വേദ്യയേയും രാവണിനേയും കുട്ടിക്കാലം മുതൽ തമ്മിൽ ചേർത്ത് വയ്ക്കാൻ പരിശ്രമിക്ക്വായിരുന്നു വൈദി….
അങ്ങനെയിരിക്കെയാണ് കുട്ടികളെ സ്കൂളിൽ ചേർത്തത്….പൂവള്ളി മനയിലെ കുട്ടികളായതുകൊണ്ട് എല്ലാവർക്കും ഒരു പ്രത്യേക മതിപ്പായിരുന്നു അവരിൽ….ത്രേയ അന്നും തന്റെ പ്രിയ തോഴനായി കണ്ടത് രാവണിനേയും….
തനിക്ക് കിട്ടുന്ന ഒരു കടലമിഠായി പോലും അവൻ ത്രേയയ്ക്കായി മാറ്റി വയ്ക്കുന്നത് അടങ്ങാത്ത പകയോടെ ആയിരുന്നു വേദ്യയും വൈദിയും നോക്കി കണ്ടത്….അന്നുമുതലേ ത്രേയ വേദ്യയുടേയും വൈദിയുടേയും ശത്രുവായി മാറി… അപ്പോഴും രാവണിന്റെ കരങ്ങൾ അവൾക് തണലായി മാറി….കൂടെ സഹോദര തുല്യരായി അഗ്നിയും അച്ചുവും കൂടി ആയതും ത്രേയ തന്റെ ബാല്യം അവർക്കൊപ്പം ആഘോഷമാക്കി….
ആയമ്മേ…എന്റെ മുടിയാകെ ജഡ പിടിച്ചു കിടക്ക്വാ…ഇതൊന്ന് ശരിയാക്കി തന്നേ….
മുടിയിഴകൾ അലങ്കോലമായി വിടർത്തിയിട്ട് വൈദേഹിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന ത്രേയയെ അവര് അടിമുടി ഒന്നു നോക്കി….
എന്താ ന്റെ കുട്ടീ ഇത്….??? ഇതെന്ത് കോലമാ…ആൺകുട്ടിയാ നീ…ആയമ്മ കൊഞ്ചിച്ച് വഷളാക്കീന്ന് പറയും ഇവിടുള്ളോര്…
വൈദേഹി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും അവരുടെ കൈയ്യിനെ തട്ടിമാറ്റി ത്രേയ അവരുടെ മടിയിലേക്ക് കയറി ഇരുന്നു…
അങ്ങനെ പറഞ്ഞോട്ടെ… അതിനെന്താ…??? എന്റെ ആയമ്മ അല്ലേ…ഞാനിങ്ങനെയൊക്കെയാ… അതിനെന്താ ഇപ്പോ… എന്റെ തലമുടി ഈ കോലം ആക്കിയത് ആ idiot രാവണും കോന്തൻ അഗ്നിയുമാ…. പിന്നെ ഒരുത്തൻ ഉണ്ടല്ലോ ആ അച്ചൂട്ടൻ…ആ തെണ്ടിയുമുണ്ട്….!!!അവന് കൂട്ടായി ഒരു ചന്തനുവും….
അയ്യോ…നല്ല കുട്ട്യോള് ഇങ്ങനെ ഒന്നും പറഞ്ഞൂടാ…ന്റെ ത്രേയക്കുട്ടീടെ അമ്മ എന്ത് പാവമായിരുന്നൂന്ന് അറിയ്വോ….??? അതുപോലെ വേണം ന്റെ മോളും വളരേണ്ടത്…
വൈദേഹി അതും പറഞ്ഞ് ഓരോ മുടിയിഴയും കൈകൊണ്ട് വിടർത്തിയിട്ടു…
ദേ ആയമ്മയോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് അമ്മേടെ കാര്യം ഇങ്ങനെ ഇടയ്ക്കിടേ ഓർമ്മപ്പെടുത്തരുതെന്ന്… എനിക്കത് കേൾക്കുമ്പോ സങ്കടമാവും…
അയ്യോ എന്റെ മോള് ആയമ്മയോട് ക്ഷമിക്ക്..ആയമ്മ ഇനി പറയില്ല…