എന്തിനാ രാവൺ നീ വന്നത്… ന്മ്മ… ഉപേക്ഷിച്ചു പോയതല്ലേ നീ എന്നെ… പിന്നെയും എന്തിനാ നീ വന്നത്…. ഞാൻ മരിച്ചിട്ടുണ്ടാവുംന്ന് കരുതിയാ…
അതിന് വേണ്ടിയല്ലേ നീയെന്നെ ഇവിടേക്ക് കൊണ്ടു വന്നത്…പറ രാവൺ…അതിന് വേണ്ടീട്ടല്ലേ….
അടങ്ങാത്ത ദേഷ്യത്തിൽ അവളങ്ങനെ പറഞ്ഞു കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി അവനെ ചോദ്യം ചെയ്യാൻ തുടങ്ങി…അവളുടെ ആ ചോദ്യം കേട്ടതും രാവണിന്റെ കണ്ണിൽ നിറഞ്ഞു നിന്ന പരിഭ്രാന്തിയെ നീക്കി അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
ആ ദേഷ്യത്തിൽ തന്നെ അവനവളുടെ കൈയ്യിനെ കോളറിൽ നിന്നും ബലമായി അടർത്തി മാറ്റി…
അതേടീ..അത് തന്നെയായിരുന്നു എന്റെ ഉദ്ദേശം…
പൂവള്ളിയിൽ തീരുമാനിച്ച വിവാഹം മുടക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം…അതിന് നിന്നെ കൊന്നിട്ടാണെങ്കിൽ അങ്ങനെ…എന്താ…
രാവണത്രയും പറഞ്ഞു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കിയിരുന്നു…അവന് മറുപടി ഒന്നും നല്കാതെ സ്തബ്ദയായി ഇരിക്ക്യായിരുന്നു ത്രേയ…. ഇരുവരുടേയും ഇടയിൽ നിശബ്ദത കൂടു കൂട്ടാൻ തുടങ്ങിയതും ഉറഞ്ഞു കൂടിയ ദേഷ്യത്തെ ഉള്ളിലടക്കി രാവൺ കാറ് സ്റ്റാർട്ട് ചെയ്തു….ആ യാത്ര ടൗൺ കടക്കുമ്പോഴും ഇരുവർക്കുമിടയിൽ തികഞ്ഞ മൗനം മാത്രമായിരുന്നു….
അങ്ങനെ നീണ്ട യാത്രയ്ക്കൊടുവിൽ രാവൺ കാറൊരു വലിയ ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ കൊണ്ടു നിർത്തി….
ഇറങ്ങ്…
രാവണിന്റെ ഗൗരവമേറിയ സ്വരം കേട്ട് ത്രേയ അവനെ അമ്പരപ്പോടെ ഒന്ന് നോക്കി…
പറഞ്ഞത് കേട്ടില്ലേ.. ഇറങ്ങാൻ…
രാവൺ പറഞ്ഞത് കേട്ട് ത്രേയ പതിയെ അവളുടെ ഡ്രസ്സിലേക്ക് ആകെത്തുക ഒന്ന് നോക്കി…ഇളം മഞ്ഞ നിറത്തിലുള്ള കുർത്തി മുഴുവനായും മഴയിൽ കുതിർന്നിരിക്ക്യായിരുന്നു…. അതിന്റെ കൂടെ അങ്ങിങ്ങായി ചെളി തെറിച്ചു വീണതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു….
ഡ്രസ്സിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോഴാണ് അവള് പുറത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം അവന് മനസിലായത്…. പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അവൻ പിന്നിലെ സീറ്റിൽ വച്ചിരുന്ന ബാഗ് കൈയ്യെത്തി എടുത്തു….
അവന്റെ ചെയ്തികൾ സംശയ ഭാവത്തോടെ നോക്കി കാണുകയായിരുന്നു ത്രേയ…
ബാഗ് തുറന്ന് അതിൽ നിന്നും അത്യാവശ്യം വലിപ്പമുള്ള ഒരു സ്വെറ്റർ എടുത്ത് അവനവൾക്ക് നേരെ നീട്ടി…
എന്താ ഇത്…???
ഇതിട്ട് പുറത്തേക്ക് ഇറങ്ങാൻ നോക്ക്… അല്ലെങ്കിൽ തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ളവരുടെ നൂറ് ചോദ്യങ്ങൾക്ക് മറുപടി നല്കേണ്ടി വരും ഞാൻ…
രാവണിന്റെ ആ പറച്ചില് കേട്ട് ത്രേയ ആ സ്വെറ്റർ അവന്റെ കൈയ്യിൽ നിന്നും വാങ്ങി പതിയെ ധരിയ്ക്കാൻ തുടങ്ങി….
മുന്നിലെ ബട്ടനുകൾ ഓരോന്നും മുറുക്കി കഴിഞ്ഞതും അവനൊപ്പം അവളും ഡോറ് തുറന്ന് പുറത്തേക്കിറങ്ങി…. ഷോപ്പിലേക്ക് നടന്നു കയറുമ്പോ മഴ തോർന്നു തുടങ്ങിയിരുന്നു…
റിസപ്ഷനിലേക്ക് കയറുമ്പോ ചുറ്റിലും നിന്ന എല്ലാവരുടേയും കണ്ണുകൾ രാവണിന്റേയും ത്രേയയുടേയും മുഖത്തേക്ക് മാത്രമായി ഒതുങ്ങി… അതൊന്നും mind ആക്കാതെ രാവൺ അവളുമായി wedding section ലേക്ക് നടന്നു…
ഡ്രസ്സുകളുടെ ഭംഗി പോലും നോക്കാതെ ആദ്യം കണ്ട ഒരു മംഗല്യപട്ടും മറ്റൊരു പാർട്ടിവെയറും സെലക്ട് ചെയ്ത് രാവണവളുമായി തിടുക്കപ്പെട്ട് ഷോപ്പ് വിട്ടിറങ്ങി….രാവണിന് മുന്നിൽ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരെതിർപ്പ് പോലും പ്രകടിപ്പിക്കാതെ ഒരു പാവ കണക്കെ അവളവന് പിന്നിലായി നടന്നു….
പരസ്പരം ഒന്നും മിണ്ടാതെ തന്നെ ഇരുവരും അവിടെ നിന്നും യാത്ര തുടർന്നു… ഒടുവിൽ കാറ് പൂവള്ളിയ്ക്ക് മുന്നിൽ എത്തുമ്പോ നേരം 8.30 യോട് അടുത്തിരുന്നു…ത്രേയയെ കാറിൽ തന്നെ ഇരുത്തി രാവൺ കാറ്റുപോലെ പൂവള്ളിയിലേക്ക് നടന്നു….അവനെ ദയനീയമായൊന്ന് നോക്കി സീറ്റിൽ ഉപേക്ഷിച്ചു പോയ പായ്ക്കറ്റുമായി അവള് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി… അപ്പോഴേക്കും പൂവള്ളി തറവാട്ട് മുറ്റവും വീടും പല വർണങ്ങളിൽ മുങ്ങി നിൽക്ക്വായിരുന്നു….കണ്ണിന് ഇമ്പം നല്കുന്ന ആ കാഴ്ചകളൊന്നും തന്നെ മനസിലെ ചിന്തകൾക്ക് നിറം പകരില്ല എന്ന പൂർണ ബോധ്യത്തോടെ ത്രേയ തറവാട്ടിലേക്ക് നടന്നു തുടങ്ങി…തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാലു മുഖങ്ങളായിരുന്നു അവളെ പൂവള്ളിയിലേക്ക് വരവേറ്റത്….
തുടരും…….