ടാർസൺ : മമ്മി ഇത്ര പെട്ടെന്ന് തീരുമാനിച്ചാൽ നമ്മളിവിടെ പോകും? ( ഡോക്ടറുടെ കൂടെ നിൽക്കുന്നത് അവന് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല)
മമ്മി : അതൊക്കെ നമുക്ക് ഇവിടുന്ന് ഇറങ്ങിയതിനു ശേഷം തീരുമാനിക്കാം. ഇപ്പൊ പോലീസുകാർ ഉള്ളതുകൊണ്ട് ഇല്ലെങ്കിൽ നമുക്കെതിരെ കല്ലേറ് തുടങ്ങിയിട്ടുണ്ടാവും. ( മരവിച്ചുനിൽക്കുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മമ്മി പറഞ്ഞു ) കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഒന്ന് അനങ്ങടി മോളേ.
പിന്നെ ഒട്ടും ആമാന്ദിച്ചില്ല. കയ്യിലുണ്ടായിരുന്ന കുറച്ചു കാശും സർട്ടിഫിക്കറ്റുകളും എടുക്കാൻ പറ്റുന്നത്രയും തുണിയുമെടുത്ത് ഞങ്ങൾ മൂന്നുപേരും പോലീസുകാരോടൊപ്പം പുറത്തേക്കിറങ്ങി. അയൽവാസികൾ അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവ്യക്തമായ ഒരു മുഴക്കം പോലെയാണ് ഞാൻ എല്ലാം കേട്ടത്. ആദ്യം വണ്ടി എടുത്തപ്പോൾ ഡോക്ടർ അയാളുടെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. പക്ഷെ മമ്മി സമ്മതിച്ചില്ല ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാം എന്നാണ് മമ്മി പറഞ്ഞത്. ആക്രാന്തം കാണിച്ച് കയ്യിൽ വന്ന അവസരം തട്ടി കളയണ്ട എന്ന് കരുതിയാവും ഡോക്ടർ അധികം നിർബന്ധിച്ചില്ല. പകരം മറ്റൊരു സജക്ഷൻ വെച്ചു. കോട്ടയം ടൗണിൽ നിന്ന് മാറി കുറച്ച് ഉള്ളിലേക്കുള്ള അയാളുടെ റബ്ബർ എസ്റ്റേറ്റിന് നടുക്കുള്ള വീട്ടിലേക്ക് മാറാമെന്ന് പറഞ്ഞു. ഉള്ളിലേക്ക് ആയതുകൊണ്ടും ലോഡ്ജിൽ അധികകാലം നിൽക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടും മമ്മി സമ്മതിച്ചു. ഈയൊരു അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് നന്നായിരിക്കും എന്ന് എനിക്കും തോന്നി. അങ്ങനെയാണ് ഞങ്ങൾ പാലക്കമെറ്റം എസ്റ്റേറ്റിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുന്നത്.
ഡോക്ടർ തിരിച്ചു കാറിനകത്തേക്ക് കയറി. കണ്ണടച്ചിരിക്കുന്ന മമ്മിയെ നോക്കി കൊണ്ട് അയാൾ പറഞ്ഞു : എന്തൊരു ഉറക്കം ആണിത് കേറിയപ്പോൾ തുടങ്ങിയതാണല്ലോ.
മമ്മി കണ്ണ് തുറന്നു. ഉറങ്ങിയതല്ല കണ്ണടച്ചിരിക്കുകയാണ് എന്ന് അയാളെ ബോധ്യപ്പെടുത്താൻ എന്നും മെനക്കെട്ടില്ല. ഒരു റബ്ബർ എസ്റ്റേറ്റ് ആണത്. ഒരു കാറിനു മാത്രം പോകാൻ വീതിയുള്ള വഴിയിലൂടെ ഏകദേശം പത്തിരുനൂറ് മീറ്ററോളം കാറ് നീങ്ങി. റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ഇരുട്ടിൽ നിന്നും ഒരു കോൺഗ്രീറ്റ് വീട് തെളിഞ്ഞുവന്നു. ഒറ്റ നിലയുള്ള കാണാൻ അത്യാവശ്യം ഭംഗിയുള്ള ഒരു വീട്. ഒറ്റമാത്രയിൽ എനിക്കിഷ്ടപ്പെട്ടു. പുറത്തിറങ്ങിയപ്പോൾ അവിടെ രണ്ടുപേർ നിൽക്കുന്നുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും. തൽക്കാലം എസ്റ്റേറ്റിലേക്ക് മാറാമെന്ന് തീരുമാനിച്ചപ്പോൾ അവിടം ഒന്ന് വൃത്തിയാക്കാൻ വേണ്ടി ഡോക്ടർ വിളിച്ചു പറഞ്ഞിരുന്നു.