അതെന്ത് ഉദ്ദേശത്തിലാ അയാൾ സഹായിക്കുന്നത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. മമ്മി കൂടുതൽ പറയിപ്പിക്കാൻ നിൽക്കണ്ട…
( ഞാനറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. ദേഷ്യം വന്നു കഴിഞ്ഞാൽ ഇവൻ എങ്ങനെയാണ് സംസാരിക്കുന്നത് എന്ന് ആലോചിച്ചു എനിക്ക് പേടി തോന്നി. ഇപ്പോ ഇവൻ പറഞ്ഞ കാര്യം മമ്മിയെ ശരിക്കും വേദനിപ്പിച്ചു കാണും. )
ഈ വീട് ഇപ്പോഴും നോക്കുന്നത് ഞാനാ… ഈ കല്യാണ ആലോചന എന്റെ തീരുമാനം ആണ്. റേച്ചലിന് സമ്മതമാണെങ്കിൽ ഞാൻ ഇത് നടത്തും. ഇത് നിന്റെ കല്യാണമല്ല നീ ഇത്ര ഒച്ചയെടുത്ത് സംസാരിക്കേണ്ട ഒരാവശ്യവുമില്ല.
( ഞാൻ പയ്യെ എഴുന്നേറ്റു. അവരുടെ വഴക്ക് ഞാൻ ഇടപെട്ട് തീർക്കുന്നതാണ് നല്ലതെന്ന് തോന്നി. )
രണ്ടുമാസത്തിനകം അവളുടെ കല്യാണം നടത്താനുള്ള മമ്മിയുടെ പ്ലാൻ ഒക്കെ ഇന്നലെ അവൾ എന്നോട് പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ല. രണ്ട് കൊല്ലത്തേക്ക് കല്യാണം ഒന്നും വേണ്ടെന്നാ അവൾ പറയുന്നത്.
അതൊക്കെ ഞാൻ നോക്കിക്കോളാം. നീ ഇപ്പോൾ ഇതിൽ ഇടപെടാൻ നിൽക്കണ്ട.
ഞാൻ ഇടപെടും എന്റെ ചേച്ചിയാണെങ്കിൽ ഇടപെടാനുള്ള അവകാശം എനിക്കുണ്ട്.
( ഞാൻ വാതിൽ തുറന്ന് രണ്ടുപേരെയും നോക്കി. അവര് രണ്ടുപേരും പെട്ടെന്ന് സൈലന്റ് ആയി. )
ടാർസൺ : ദേ വന്നല്ലോ…ഡി നീ പറ നിനക്ക് ഇപ്പൊ കല്യാണം വേണോ? നീ പറ. മമ്മിക്ക് ബോധ്യമാവട്ടെ
( അവന്റെ ഒച്ച എന്റെ കാതടപ്പിച്ചു. ഒരു കൈ ചെവിയിൽ വെച്ചുകൊണ്ട് ഞാൻ കണ്ണടച്ച് അവനോട് പറഞ്ഞു): നീയൊന്ന് പതുക്കെ പറ എനിക്ക് നന്നായിട്ട് കേൾക്കാം.
മമ്മി : എടി മോളെ ഇത് നിന്റെ ജീവിതമാണ്. നിനക്ക് ഇവനെക്കാൾ ബോധം ഉണ്ടെന്ന് എനിക്കറിയാം. നമ്മുടെ എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു. അവർക്ക് യാതൊരു കുഴപ്പവുമില്ല. നമ്മളെപ്പറ്റി എല്ലാം അറിഞ്ഞുകൊണ്ട് ഇത്രയും നല്ല ഒരു പയ്യനെ കിട്ടുന്നത് നമ്മുടെ ഭാഗ്യമാണ്.
ടാർസൺ : പിന്നേ…32 വയസ്സായ കിളവിനെ കിട്ടുന്നതാണ് ഭാഗ്യം
( മമ്മി അവനെ ഒന്ന് കണ്ണുരുട്ടി നോക്കി. ഒന്നും പറയാതെ സൗമ്യത്തിൽ വീണ്ടും എന്നോട് തുടർന്നു ) : കല്യാണം കഴിഞ്ഞാൽ അവൻ നിന്നെ ഇവിടുന്ന് കൊണ്ടുപോകും ഗൾഫിലേക്ക്. നിങ്ങടെ അപ്പൻ ഇറങ്ങി കഴിഞ്ഞാലുള്ള കാര്യം ആലോചിച്ചിട്ട് എനിക്ക് ഒരു സമാധാനവുമില്ല. അവരൊന്ന് വന്നു പോട്ടെ. നിനക്ക് എന്തായാലും ഇഷ്ടപ്പെടും.