പിന്നെ കാരണവന്മാര് തമ്മിൽ ചർച്ചകളായി . വീണ അകത്തു ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നെന്നു തോന്നുന്നു . ബിന്ദു അമ്മായിടെ മകൾ അഞ്ജലിയും അവളോടൊപ്പം റൂമിൽ ഉണ്ട് . ഹാളിലെ സോഫയിൽ ആയി ഞാനും ശ്യാമും കിഷോറും അടുത്തടുത്തിരുന്നു . ബാക്കിയുള്ളവരൊക്കെ കസേരകളിൽ ആയാണ് ഇരുന്നത്. സ്വല്പം കഴിഞ്ഞതോടെ വീണ ഒരു ദാവണി ഒകെ ഉടുത്തു സുന്ദരി ആയി ട്രേയിൽ ചായയുമായി ഞങ്ങളുടെ മുൻപിൽ എത്തി . ശ്യാമിനെ ആദ്യമായിട്ട് കാണുന്ന പോലെ പുള്ളിക്കാരി അഭിനയിച്ചു തകർത്തു എന്ന് പറയാം..
ഇവള് പഠിച്ച കള്ളി ആണ് എന്ന് ഞാനും മനസിൽ പറഞ്ഞു . ചായ കൊടുക്കുമ്പോൾ മുഖം ഉയർത്തി നാണത്തോടെ ഉള്ള നോട്ടവും , പുഞ്ചിരിയും ഒകെ വീണ സിനിമ സ്റ്റൈലിൽ കസറി ..ശ്യാം പക്ഷെ ആകെ ടെൻഷനിൽ ആയിരുന്നു . ചുറ്റും ആളുകൾ ഉള്ളതും ഒഫീഷ്യൽ ആയിട്ടുള്ള കല്യാണ ഉറപ്പിക്കലും ഒകെ ആയപ്പോ കക്ഷി ഇരുന്നു വിയർത്തു..അവളുടെ കയ്യിൽ നിന്ന് ഒരു ചമ്മലോടെ ശ്യാം ചായ കപ്പു വാങ്ങി . പിന്നെ ഒരു വളിഞ്ഞ ചിരിയും പാസ്സാക്കി .അതോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവള് എന്റെ അടുത്തേക്ക് നീങ്ങി…പിന്നെ കിഷോർ…അങ്ങനെ ആ കോറം തികച്ചു പിൻവാങ്ങി .പിന്നെ ഒരു കല്യാണപ്പെണ്ണിന്റെ നാണങ്ങളോടെ അഞ്ജലിയുടെ മറവിൽ പോയിനിന്നു കുശുകുശുക്കി !
“അപ്പോ പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ട ..ശ്യാമിനെ ഇവിടെ എല്ലാവർക്കും അറിയാം ..പിന്നെ ജോലി നമ്മുടെ കണ്ണന്റെ കൂടെ തന്നെ അല്ലെ ..”
കൃഷ്ണൻ മാമ കല്യാണത്തിന് പൂർണ സമ്മതം എന്നപോലെ പറഞ്ഞു .
“അതെ ..ഞങ്ങൾക്കും കുട്ടിയെ ഇഷ്ടായി ..അപ്പൊ ഇനി ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ ആണെന്ന് വെച്ച അതങ്ങട് തീരുമാനിക്കം”
ശ്യാമിന്റെ മാമന്മാരിൽ ഒരാളും തട്ടിവിട്ടു .
“ആറു മാസത്തിനകം ആവാം അല്ലെ ?”
ശ്യാമിന്റെ അച്ഛനും കൃഷ്ണൻ മാമയെയും കൂട്ടരെയും ചോദ്യ ഭാവത്തിൽ നോക്കി .
“ആവാം അല്ലെ വിവേകേ? എന്താ അളിയാ ?”
വിവേകേട്ടനെയും വല്യച്ചനെയും ഒക്കെ നോക്കി കൃഷ്ണൻ മാമ അഭിപ്രായം തേടി .