ചടങ്ങുകൾ എല്ലാം കഴിഞ്ഞു… ആ സമയം എല്ലാം ഹാളിന്റെ ഒരു വശത്തു ഞാനും, മറു വശത്തു അവനും ഉണ്ടായിരുന്നു. ആദ്യമായാണ് ഞാൻ നമ്മളുടെ പുതിയ വീട്ടിൽ വരുന്നത്. അത് ഇങ്ങനെ ഒരു കാര്യത്തിന് ആകേണ്ടി വരും എന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ അവൻ എന്നെ ഒന്ന് നോക്കിയത് പോലുമില്ല.
പാവം അവൻ ആകെ തകർന്ന് പോയിരുന്നു. കണ്ണിനും ചുറ്റും കറുപ്പ് ഒക്കെ ആയി എന്റെ കുട്ടി ആകെ കോലം കേട്ട് പോയി. പണ്ട് മുതലേ അവൻ നന്നായി ഇരിക്കണം, സന്തോഷത്തോടെ ഇരിക്കണം എന്ന ചിന്തയാണ് എനിക്ക്. എന്റെ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും.
“സന്ധ്യ മോളെ, ഇങ്ങനെ കഴിക്കാതിരുന്നാൽ എങ്ങനെയാ?”
ചിറ്റ ആണ് ചോദിച്ചത്.
“ശരവണൻ വല്ലതും കഴിച്ചോ ചിറ്റേ?”
“അത് കൊള്ളാം, എന്നോടാണോ ചോദിക്കുന്നേ? നിനക്ക് അങ്ങോട്ട് ചോദിച്ചൂടെ? നീ അല്ലെ അവന്റെ ചേച്ചിയും അമ്മയും എല്ലാം… അല്ല കഴിഞ്ഞില്ലേ കുട്ടിയോളെ നിങ്ങളുടെ വഴക്ക്?”
“വഴക്ക് ഒന്നുമില്ല ചിറ്റേ… അവനെ കണ്ടില്ല അതാ…”
“അവൻ ആ ചിറയിലെ പിള്ളേരുടെ കൂടെ ഇറങ്ങി പോയി. ഇനി എപ്പോഴാ എങ്ങനാ വരുക എന്ന് ആർക്ക് അറിയാം. നിനക്ക് അറിയാലോ അവൻ അവരുടെ കൂട്ട് കൂടി ഉണ്ടാക്കി വെച്ച പൊല്ലാപ്പുകളും അടിപിടികളും ഒക്കെ”
എന്റെ ഉള്ളൊന്നു കാന്തി… അടിപിടിയോ… ചിറയിലെ പിള്ളേരെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാതെ തോന്നിവാസി കൂട്ടങ്ങളാ.. അവരുടെ കൂടെ ആണോ ഇവന് കൂട്ട്!!
“ഇല്ല ചിറ്റേ, ഞാൻ അറിഞ്ഞില്ല. എന്നോട് അമ്മ ഒന്നും പറഞ്ഞിരുന്നില്ല”
“നിന്റെ മനസ് വിഷമിപ്പിക്കണ്ട എന്നോർത്താകും അവൾ പറയാതിരുന്നത് ”
“എന്നാലും കോളേജിൽ പോകുന്ന എന്റെ കുട്ടി എങ്ങനാ ചിറ്റേ ഇവരുടെ കൂടെ കൂട്ടായത്?”
“കഴിഞ്ഞ കൂറേ നാളായി അവനു കാശ് ഉണ്ടാക്കണം എന്ന ചിന്തയാണ് മോളെ. അതിനു വേണ്ടി കാണിച്ച കൂട്ടത്തതായി ഒന്നുമില്ല.”
“അവനു വേണ്ടതിൽ കൂടുതൽ കാശ് ഞാൻ ഉണ്ടാകുന്നുണ്ടല്ലോ ചിറ്റേ… അവന്റെ അക്കൗണ്ടിലേക്ക് സെപ്പറേറ്റ് ആയി ഞാൻ മാസം തോറും ഇട്ട് കൊടുക്കാരും ഉണ്ട്. പിന്നെ എന്താ?”
എന്റെ ടെൻഷനും വെപ്രാളംവും കണ്ട് ചിറ്റ എന്നെ അടുപ്പിച്ചു ഇരുത്തി.
“അത് തന്നെ ആയിരുന്നു മോളെ അവന്റെ പ്രശ്നം. നിന്നെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കാൻ അവനു വയ്യ. പഠിക്കാനും അവൻ മിടുക്കനാണ്, അടിപിടി ഉണ്ടാക്കാനും അവൻ മിടുക്കൻ ആണ്. എന്ത് ചെയ്താൽ കാശ് കിട്ടുമോ, അതെല്ലാം അവൻ ചെയ്യും മോളെ..”