അവൾ ചുറ്റും നോക്കി.
പെട്ടെന്ന് ടെലിവിഷനിൽ നിന്ന് കേട്ട ശബ്ദം അവളുടെ പരിഭ്രാന്തി കൂട്ടി.
“ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ വിമാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയിരിക്കുന്നു…”
ഒന്നോർത്തപ്പോൾ അവൾ ആശ്വസിച്ചു.
ക്യാൻസലായത് നന്നായി.
യൂസുഫിനോടൊപ്പം ഒരുമിച്ച് പോകാമല്ലോ.
“പടച്ചോനെ..! അപ്പോൾ മാത്രമേ മഞ്ഞുരുക്കം കുറയാൻ പാടുള്ളൂ കേട്ടോ..”
അവൾ സ്വയം പറഞ്ഞു.
യൂസിഫിനെ വിളിച്ച് കാര്യം പറയാം.
അവൾ ഫൈസലിനെ വിളിച്ചു.
സ്വിച്ച് ഓഫ് എന്ന അറിയിപ്പാണ് അവൾക്ക് കിട്ടിയത്.
ഒരു നിമിഷം ആലോചിച്ചതിന് ശേഷം അയൽവാസിയും സുഹൃത്തുമായ നഫീസയെ അവൾ വിളിച്ചു.
“ആ നഫീസാ…ഞാനാണ് മെഹ്‌നൂർ…ആഹ് അതെ ..എന്താ…റബ്ബേ! തീയോ? തീ പിടിച്ചെന്നോ!! എന്താ നീ പറഞ്ഞെ!!”
നിലവിളിയോടെ അവൾ ചാടിയെഴുന്നേറ്റു.
“അമ്മീ എന്താ?”
അവളുടെ ഭാവമാറ്റം കണ്ട് സുൾഫിക്കർ ചോദിച്ചു.
“ഒന്നുമില്ല മോനെ!”
അവൾ അവനെ എഴുന്നേൽപ്പിച്ചു.
“വാ! നമുക്ക് പോകാം!”
“എന്ത് പറ്റി അമ്മി? അബ്ബൂവിന് എന്തെങ്കിലും?”
“ഇല്ല ഒന്നുമില്ല..വാ…”
അവൾ അവനെയും കൂട്ടി പുറത്തേക്ക് നടന്നു.
“പിന്നെ അമ്മിയെന്തിനാ കരയുന്നെ?”
എൻട്രൻസിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ അവരെ തടഞ്ഞു.
“ജനാബ്!”
കണ്ണുനീർ ഒഴുകിയിറങ്ങിയ കവിളുകളോടെ അവൾ അയാളോട് പറഞ്ഞു.
“എനിക്കുടനെ വീട്ടിൽ പോകണം.എനിക്ക്…!”
“എല്ലാവര്ക്കും പോകണം,”