കാരണം എന്റെ കുഞ്ഞിന്റെ അമ്മ ആണിവൾ.അതുകൊണ്ട് ഇവിടെ നിന്ന് പറയുന്ന ഓരോവാക്കും ചെയുന്ന ഓരോ പ്രവർത്തിയും നോക്കിയും കണ്ടും വേണം.ഞാൻ പറഞ്ഞത് മനസിലായല്ലോ അളിയന്.
അതുകൊണ്ട് എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്,അത് ചിലർക്ക് നല്ലതിനാവില്ല.”
“എന്ന് കരുതി കണ്ണിൽ കണ്ടവനെ ഒക്കെ തറവാട്ടിൽ കയറ്റി താമസിപ്പിക്കുക…..തറവാട്ടിന്റെ വില കളഞ്ഞുകുളിക്കരുത്.”
“എങ്കിൽ ആദ്യം ഇറങ്ങേണ്ടത് ശംഭു അല്ല……അളിയന്റെ മറ പിടിച്ചു നിൽക്കുന്നല്ലോ ഒരുവൻ….അവനാ”
“താനെന്താ മാധവാ ഇങ്ങനെ പിച്ചും പേയും പറയുന്നത്?”അയാൾ ചോദിച്ചു.
“നല്ല ബോധത്തോടെയാ പറയുന്നത്.
പെങ്ങളോട് തന്നെ ചോദിക്ക് ഇവൻ ഞങ്ങൾക്കുണ്ടായത് തന്നെയാണോ എന്ന്.അപ്പൊ അറിയാം കാര്യങ്ങൾ.”
“മാധവാ…..”
“ഞാൻ പറഞ്ഞു……ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്……ഈ മാധവൻ.
അതുകൊണ്ട് വീണ്ടും പറയുന്നു.
ശംഭു ഇവിടെത്തന്നെ കാണും,ഇവളും
എതിർപ്പുള്ളവർക്ക് ഈ പടിയറങ്ങാം”
“നീയങ് വളർന്നു എന്ന തോന്നൽ നിന്റെ നല്ലതിനല്ല മാധവാ.ഞാൻ ഇറങ്ങുന്നു,അതാണല്ലോ നീ മുനവച്ച് പറയുന്നതും.”
“ഞാൻ പറഞ്ഞു തുടങ്ങിയാൽ കീഴാറ്റൂർ വീട്ടുകാർക്കതൊരു കുറച്ചിലാവും അളിയാ,അതുകൊണ്ട് നിർബന്ധിക്കരുത്.പിന്നെ ഇവിടെ നിൽക്കുന്നതും നിൽക്കാത്തതും അവിടുത്തെ ഇഷ്ട്ടം.രണ്ടായാലും ഞാൻ തടയില്ല.”
തന്റെ അഭിമാനത്തിന് ക്ഷതമേറ്റ അയാൾ അപ്പോൾ തന്നെ അവിടം വിട്ടിറങ്ങി.ഗോവിന്ദ് ആകെ ഞെട്ടി തല കുനിച്ചു നിൽക്കുകയാണ്.താൻ അനാഥനാണ് എന്നുള്ള തിരിച്ചറിവ് നൽകിയ അപമാനത്തിൽ അവന്റെ ശിരസ്സ് താന്നു തന്നെ നിന്നു.
“ഇനി നിനക്ക് തീരുമാനിക്കാം നിക്കണോ അതോ ഇറങ്ങണോ എന്ന്.”ഗോവിന്ദിനെ നോക്കി മാധവൻ പറഞ്ഞു.പക്ഷെ അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മുകളിലേക്ക് പോയി.
“അച്ഛാ….. ഞാൻ…..”
“എങ്ങോട്ട് മോളെ……നോക്ക് വിനോദ് ഒന്നും അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ എനിക്കറിയാം.അതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ എങ്കിലും എന്നെ അനുവദിക്കണം.എനിക്ക് തന്നൂടെ ഇവളെ എന്റെ മോളായിട്ട്,
ശംബുന്റെ പെണ്ണായിട്ട്.”
“ഇനി ഏട്ടന് പേടിയില്ല മോളെ……നീ ഇവിടെ ഉണ്ടാവണം.അവനെ കൊണ്ട് മുന്നിൽ നിർത്തിത്തരും ഈ ഏട്ടൻ”
അതുവരെ എല്ലാം കണ്ടും കേട്ടും നിന്ന വിനോദ് അവളുടെ നെറുകയിൽ തഴുകി എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ചശേഷം അവിടം വിട്ടു.