ആരാണ് ഇത് ചെയ്തത്? എന്തിനാണ് ഇത് ചെയ്തത്? അവന്റെ ഫോണിൽ ഈ ഫൂട്ടേജ് എങ്ങനെ വന്നു? ഈ ചോദ്യങ്ങൾ മാത്രം അവന്റെ മനസ്സിൽ ഒരു നിലവിളി പോലെ മുഴങ്ങി നിന്നു. അവന്റെ പ്രണയം തകർന്നു, അവന്റെ കുടുംബം തകർന്നു. അവൻ ഒരു കുറ്റവാളിയായി മാറി.
വിനുവും ഹരീഷും അമലിനെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവന്റെ ശരീരം ചോരയിൽ കുളിച്ചിരുന്നു. മുഖത്തും നെഞ്ചിലും കാലുകളിലുമായി ചതവുകളും മർദ്ദനത്തിന്റെ ചുവന്ന പാടുകളും. കല്യാണവീട്ടിൽ നിന്ന് കൂട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടാണ് അവനെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഡോക്ടർമാർ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. അവന്റെ നില അതീവ ഗുരുതരമാണെന്നും, മാരകമായ ആന്തരിക മുറിവുകൾ ഉണ്ടാവാതിരിക്കാൻ 48 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. തലയ്ക്ക് ഏറ്റ പ്രഹരം അബോധാവസ്ഥയിലേക്ക് നയിച്ചേക്കാം എന്ന ഭയം ഡോക്ടർമാർക്കുണ്ടായിരുന്നു.
വിനുവും ഹരീഷും ഹോസ്പിറ്റൽ വരാന്തയിൽ തളർന്നിരുന്നു. അവർ മാളതിയെയും വാസുദേവനെയും വിളിച്ച് വിവരമറിയിച്ചു. എന്നാൽ, അവരുടെ പ്രതികരണം ആ സുഹൃത്തുക്കളെ ഞെട്ടിച്ചു.
”നിങ്ങൾ അവനെ കൊണ്ടുപോയത് നന്നായി. ഇനി അവൻ ഞങ്ങൾക്ക് മരിച്ചതിന് തുല്യമാണ്. അവൻ ചെയ്ത നാണക്കേട് കാരണം ഞങ്ങളുടെ മകളുടെ കല്യാണം മുടങ്ങേണ്ടതായിരുന്നു. ഞങ്ങളിനി അവനെ കാണാൻ വരുന്നില്ല,” വാസുദേവൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.
മാലതിയും അതേ മനോഭാവത്തിലായിരുന്നു. അമ്മയുടെയും അച്ഛന്റെയും ഈ വാക്കുകൾ കേട്ടപ്പോൾ വിനുവും ഹരീഷും സങ്കടപ്പെട്ടു. അമൽ എത്രത്തോളം വേദനിക്കുമെന്ന് അവർക്കറിയാമായിരുന്നു. അവന്റെ കുടുംബത്തിന് അവൻ ഇപ്പോൾ ഇല്ലാതായിരിക്കുന്നു.