”അവനെ പൂർണ്ണ മനസ്സോടെ സ്വീകരിക്കണം. അവനും ശരണ്യയും ഒരുമിച്ച് നമ്മുടെ വീട്ടിലേക്ക് വരണം. അതാണ് വിശ്വനാഥ ശർമ്മ നമുക്ക് നൽകിയ ശാപമോക്ഷത്തിനുള്ള വഴി.” മാലതി ഉറച്ച സ്വരത്തിൽ പറഞ്ഞു.
അധികം താമസിയാതെ വാസുദേവനും മാലതിയും ശരണ്യയുടെ വീട്ടിലെത്തി. ഒരു പൂന്തോട്ടത്തിന് നടുവിലായി ശാന്തമായ അന്തരീക്ഷത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ചെറിയ വീടായിരുന്നു അത്.
ശരണ്യ വാതിൽ തുറന്നു. വാസുദേവനെയും മാലതിയെയും കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരേ സമയം ആദരവും ഗൗരവവും നിറഞ്ഞു.
”വാസുദേവൻ അങ്കിളും മാലതി ആന്റിയുമല്ലേ? വരൂ, അകത്തേക്ക് ഇരിക്കൂ.”
അവർ അകത്തേക്ക് കയറി. അവിടെ ചാരുകസേരയിൽ പുസ്തകം വായിച്ചുകൊണ്ട് അമൽ ഇരിക്കുന്നുണ്ടായിരുന്നു.
അമൽ അവരെ കണ്ടതും പുസ്തകം മടക്കി എഴുന്നേറ്റു. അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചത്തിൽ പോലും അവന്റെ കണ്ണുകളിലെ മൗനം വാസുദേവന് വായിച്ചെടുക്കാൻ കഴിഞ്ഞു. അത് ഒരുപാട് വേദനകൾ ഉള്ളിലൊതുക്കിയതിന്റെ മൗനമായിരുന്നു.
വാസുദേവന്റെ നെഞ്ചകം പിടഞ്ഞു. അവന്റെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിക്കാൻ വാസുദേവന് തോന്നി. പക്ഷെ, അദ്ദേഹം ഒന്നും ചെയ്യാതെ നിന്നു.
”അമൽ…” മാലതിയുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. അവൾ ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ചു, നിയന്ത്രണം വിട്ട് കരഞ്ഞുപോയി. “മോനെ… എന്നോട് ക്ഷമിക്കണം. നിന്റെ അമ്മ നിന്നോട് ചെയ്തത്… ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെ ഞാൻ… എനിക്കറിയാമായിരുന്നു മോനേ, എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന്. പക്ഷെ ഞാൻ… ഞാൻ…”