“എന്തും ചെയ്യും!”
പിന്നെ അവൾ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു. പിന്നെ അയാളുടെ അടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്നു. അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ തന്റെ മൃദുവായ ചുവന്ന ചുണ്ടുകൾ അയാളുടെ കവിളിലമർത്തി.
“മാളവിക!”
കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പ്രശാന്ത് ചോദിച്ചു.
പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അയാൾ അമ്പരന്നു.
“എന്ത് പറ്റി നിനക്ക്?”
അയാൾ അവളുടെ തോളിൽ കൈവെച്ചു.
“ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി…”
കണ്ണുകൾ തുടച്ച് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
അതൊക്കെ അവൾ അയാളോട് ഒരിക്കൽ പറഞ്ഞിരുന്നു.
പെനിസിൽവാനിയ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനായിരുന്ന അച്ഛൻ. കുഞ്ഞുനാൾ മുതൽ, എവിടെപ്പോയാലും തന്നിൽ നിന്ന് ഒരുമ്മ വാങ്ങിയതിന് ശേഷമേ അച്ഛൻ എവിടെയും പോകുമായിരുന്നുള്ളൂ. രണ്ടുവർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് രാത്രിയിൽ, മദ്യപിച്ച് ലക്ക് കെട്ട സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുവാൻ അച്ഛൻ ഒരു നൈറ്റ് ക്ലബ്ബിലേക്ക് ഡ്രൈവ് ചെയ്ത് പോയി. അന്ന് മാത്രം തന്നോട് ഉമ്മ ചോദിച്ചില്ല.
“അച്ഛൻ എങ്ങോട്ടാ മമ്മി ഇപ്പം പോയെ?”
താൻ അമ്മയോട് ചോദിച്ചു.
“മോളെ ആ ഐപ്പില്ലേ? മൂക്കറ്റം കുടിച്ച് വണ്ടിയോടിക്കാൻ വയ്യാതെ ക്ലബ്ബിലാ. അയാളെ പിക്ക് ചെയ്യാൻ പോയതാ!”
അഞ്ചുമിനിറ്റിനുള്ളിൽ മെസേജ്.
അച്ഛൻ ഡ്രൈവ് ചെയ്ത കാർ ഒരു ഓയിൽ കണ്ടെയിനറുമായി കൊളൈഡ് ചെയ്തു.
ഡ്രൈവ് ചെയ്ത അച്ഛൻ ശിരസ്സും ഉടലും വേർപെട്ട് റോഡിൽ കിടക്കുന്നു.
ശരീരഭാഗങ്ങൾ വാരിപ്പെറുക്കി പെട്ടിയിലാക്കി വീട്ടിലെത്തിച്ചു എൻ പി ഡി വളന്ററിയർമാർ.
അച്ഛന് അന്ത്യചുംബനം നൽകിക്കഴിഞ്ഞ് മാളവിക ബോധരഹിതയായി.
പിന്നെ ദിവസങ്ങളോളം ആശുപത്രിയിൽ.
പ്രശാന്ത് അവളുടെ നിബിഢമായ തലമുടിയിൽ വാത്സല്യത്തോടെ തഴുകി.
“നാട്ടിലൊന്നും വരാറില്ല കാമുകി?”
സാന്ത്വനത്തിന്റെ സുഖമറിഞ്ഞ് അവൾ ചോദിച്ചു.
“ഉണ്ട്…വരാറുണ്ട്…”
കടൽത്തീരത്ത്, ഒരു പാറയൊതുക്കിന്റെ മറവിൽ ഒരു പെൺകുട്ടി കാമുകനെ പ്രണയത്തോടെ ചുംബിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു അയാൾ അതിൽ അസ്വാരസ്യം പ്രകടിപ്പിക്കുന്നതും അവർ രണ്ടുപേരും കണ്ടു.
“ജാരനുപോലും കാമമില്ലാത്തൊരു കാലത്താണ് നിന്റെയുമെന്റെയും പൊറുതി മാളവിക!!”
കടൽത്തീരത്ത് കാറ്റിന്റെ അസഹീനതയിൽ നീണ്ട മുടിയിഴകൾ മാടിയൊതുക്കി പ്രശാന്ത് പറഞ്ഞു. മാളവികയുടെ കണ്ണുകളപ്പോൾ അൽപ്പ ദൂരെ ഒട്ടകപ്പുറത്ത് കയറാൻ നാലഞ്ച് തവണ പരിശ്രമിച്ച് പരാജയപ്പെട്ട് കൂട്ടത്തിലുള്ളവരെ ജാള്യതയോടെ നോക്കുന്ന ഒരു പന്ത്രണ്ടു വയസുകാരന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എങ്കിലും പ്രശാന്തിന്റെ വാക്കുകളിലും നാക്കിൽ നിന്ന് പുറത്തേക്ക് വരാത്ത പുലഭ്യങ്ങളിലും അവൾ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു.