“ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നു…നീ വരില്ലേ?”
കൃഷ്ണവേണി സന്ദേഹത്തോടെ അപ്പോൾ പ്രശാന്തിനെ നോക്കി.
“ഏത് സിനിമയാ? മഞ്ഞിൽ വിരിഞ്ഞ പൂക്കളാണോ?”
“അല്ല,”
“അല്ലേ? ഇവിടെ ഏതോ തീയറ്ററിൽ വന്നൂത്രേ. ഫ്രണ്ട്‌സൊക്കെ പറഞ്ഞു, നല്ല സിനിമയാണ്. അതിലെ മെയിൻ ആക്റ്ററും ആക്ട്രസ്സും വില്ലനും ഒക്കെ പുതിയ ആൾക്കാരാ എന്നൊക്കെ. പക്ഷെ ഫസ്റ്റ് ടൈം ആണെന്ന് ആക്റ്റിങ് കണ്ടാൽ പറയില്ലത്രേ,”
കടൽത്തീരത്ത് മരിച്ചവരുടെ മുഖച്ഛായയും പേറി ബലിക്കാക്കകൾ നിരന്നു. ആരാണ് ബലിയിടാൻ കൈകൊട്ടി ക്ഷണിക്കുന്നത് എന്നറിയാൻ കാറ്റുകൊള്ളുകയും പ്രണയിക്കുകയും മനസ്സിൽ കവിതഎഴുതുകയും ചെയ്യുന്ന ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് കാക്കകൾ ഉറ്റുനോക്കി.
“തീയറ്റിറിലല്ല കൃഷ്ണാ, ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്നു, മാനാഞ്ചിറ ടൗൺ ഹാളിൽ. ഇന്ന് നൊസ്റ്റാൾജിയ എന്ന സിനിമയാണ്,”
“ഇംഗ്ലീഷ് ആണോ? അയ്യേ അതിലപ്പടീം വൾഗാരിറ്റി ആരിക്കും,”
“ഇംഗ്ലീഷ് അല്ല,”
പ്രശാന്ത് ചിരിച്ചു.
“റഷ്യൻ. ആന്ദ്രേ താർക്കോവ്‌സ്‌കീടെ,”
കൃഷ്ണവേണി അപ്പോൾ നെറ്റി ചുളിച്ച് അയാളെ നോക്കി.
“റഷ്യൻ അറിയാമോ പ്രശാന്തിന്?”
“റഷ്യനോ? ഞാനെങ്ങനെ റഷ്യൻ പഠിക്കാനാ പെണ്ണെ?”
“പിന്നെ സിനിമ എങ്ങനെ മനസ്സിലാകും?”
“സബ് ടൈറ്റിൽ ഉണ്ട് കൃഷ്ണാ,”
എന്നിട്ടും കൃഷ്ണവേണി പ്രശാന്ത് പറഞ്ഞത് മനസ്സിലായില്ല എന്ന് നോട്ടത്തിലൂടെ അറിയിച്ച് അവനെ നോക്കി.
“എല്ലാത്തിനും സബ്ടൈറ്റിൽ ഉണ്ട് കൃഷ്ണ,”
അവളുടെ മനസ്സ് വായിച്ച് അയാൾ പറഞ്ഞു.
“ഈ കാക്കകളെ കണ്ടോ?”
കടലിന്റെ ആരവത്തിനും മീതേ നിശബ്ദതയുടെ ബഹളവുമായി പറന്നിറങ്ങുന്ന കാക്കകളെ അയാൾ അവൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.
“കാക്കകൾ എന്താണ് പറയുന്നത്? നോക്കൂ അവയുടെ കണ്ണുകളിലേക്ക്. സബ്ടൈറ്റിൽ വായിക്കൂ,”
“പ്രശാന്ത് വട്ടുപറയാതെ. കാക്കകളുടെ മുഖത്തു സബ്‌ടൈറ്റിലോ? കാക്കകൾക്ക് മുഖമേയില്ല,”
പ്രശാന്ത് ചിരിച്ചു.
“ഓരോ കാക്കയും മുത്തശ്ശനാണ്. മുത്തശ്ശിയാണ്. വേർപെട്ട മനുഷ്യരാണ്…”
“കൊള്ളാം ക്രിസ്ത്യാനിയുടെ വേദാന്തം! ശരി, എന്താ പ്രശാന്ത് വായിക്കുന്നത്, കാക്കകളുടെ മുഖത്തെ സബ്ടൈറ്റിലിൽ?”
“അതോ…”
അവളുടെ അധരത്തിൽ വിരലമർത്തി അയാൾ പതിയെ പറഞ്ഞു.
“ഓരോ കാക്കയിലൂടെയും നമുക്ക് മുമ്പേ ജീവിച്ചിരുന്നവർ പറയുന്നു, മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി കഴിയുക എത്ര ഭീകരമാണ്, എന്ന്”
മാളവിക പ്രശാന്തിന്റെ വാക്കുകൾ ശ്രദ്ധിക്കവേ, തീയറ്ററിന്റെ കവാടമെത്തിയപ്പോൾ മതിലുകളിൽ കാക്കകൾ നിരന്നിരിക്കുന്നത് അവർ കണ്ടു.അവരുടെ മുമ്പിൽ ഒരു കാക്ക പ്രത്യക്ഷപ്പെട്ടു.
“ഇതാരുടെ പരകായ പ്രവേശമാണ്?’
അവൾ അയാളോട് ചോദിച്ചു.