ഡോക്റ്റർ രാംപ്രസാദ് ഹെഗ്‌ഡേ അപ്പോൾ സോഫിയ ജെയിംസ് എന്ന പുതിയ അസിസ്റ്റന്റ് പ്രൊഫസ്സറുടെ വിദ്യാഭ്യാസ പശ്ചാത്തലമൊക്കെ വിവരിക്കുകയായിരുന്നു.
“എല്ലാവരും വായിൽ ഈച്ചകേറ്റിക്കൊണ്ടാ മാഡത്തെ നോക്കുന്നത്,”
രാഗിണി കൂട്ടുകാരോട് പറഞ്ഞു.
“ഒരാളൊഴികെ. രവി ചന്ദ്രൻ. അവൻ മാത്രം പതിവ് പോലെ…”
അപ്പോൾ മെഹ്റുന്നിസയും അരുണും ഡെന്നിസും പിമ്പിലെ ഏറ്റവുമറ്റത്തെ നിരയിലേക്ക് നോക്കി.
രവി ചന്ദ്രൻ ജനാലയിലൂടെ പുറത്തെ വെയിൽ വീണ മലനിരകളിലേക്ക് നോക്കിയിരിക്കയായിരുന്നു അപ്പോൾ.
മേദിനിപ്പൂരിലെ തണുത്ത മലനിരകൾ വെയിലിൽ സുഖം കൊള്ളുന്ന സമയമാണ്. മലഞ്ചെരുവുകളിലെ പോപ്ലാർ മരങ്ങൾ ഇലകളിലൂടെയും ചില്ലകളിലൂടെയും നിഴലുകളിലൂടെയും ഏകാന്തതയുടെ മഹാസൗന്ദര്യം കാണിച്ചു തരുന്നു. ഇലത്തലപ്പുകളിൽ മഞ്ഞിൻകണങ്ങൾ വെളുത്ത പൂക്കളായി വെയിലിന്റെ തലോടലേറ്റ് മയങ്ങുന്നു. പച്ചപ്പുല്ല് സാന്ദ്രമാക്കിയ നിലത്ത് വെയിലിന്റെ മൃദുലത.
രവി ചന്ദ്രൻ നിർന്നിമേഷമായി ആ കാഴ്ചകളൊക്കെയും കണ്ണുകളിലേക്ക് പകർന്നു….
പരിചയപ്പെടുത്തിക്കഴിഞ്ഞ് ഡോക്ടർ രാം പ്രസാദ് ഹെഗ്‌ഡെ പോയപ്പോൾ കുട്ടികളെല്ലാവരും പുഞ്ചിരിയോടെ സോഫിയയെ നോക്കി.
“”എല്ലാവരോടും പേര് ചോദിച്ച് പരിചയപ്പെടണമെന്നുണ്ട്…”
സോഫിയ പറഞ്ഞു.
“എന്നാ സൗണ്ടാടാ!”
അരുൺ പറഞ്ഞു.
“സൗണ്ട് എന്ന് പറയല്ലേടാ പട്ടി! വോയ്‌സ്! വോയ്‌സ് എന്ന് പറ. സൗണ്ട് എന്നാൽ ഒച്ച. വോയ്സ് എന്നാൽ ശ്രുതി ശുദ്ധമായ ശബ്ദം!”
ഡെന്നിസ് അവനെ തിരുത്താൻ ശ്രമിച്ചു.
“”മഹാലിംഗം സാറിന് പകരമായത് കൊണ്ട് ദേവയോനിയെന്നോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ദേവയാനിയെന്നോ എന്നെങ്കിലും ആയിരിക്കണമായിരുന്നു മാഡത്തിന്റെ പേര്!”
ഡെന്നിസ് പറഞ്ഞു.