അവളായിരുന്നു ഈ വീടിന്റെ ഐശ്വര്യം…
അവളായിരുന്നു ഈ വീടിന്റെ പ്രതീക്ഷ…
അവൾക്കൊരു നല്ല ജോലി ലഭിക്കുന്നതും അതു വഴി ഈ കുടുംബം രക്ഷപ്പെടുന്നതും മാത്രം സ്വപ്നം കണ്ട നാളുകൾ…
അതേ…
അതെല്ലാം സ്വപ്നമായി തന്നെ അവശേഷിച്ചു…
ആറേഴു വയസ്സ് വ്യത്യാസമുണ്ട് താനും ചേച്ചിയും തമ്മിൽ…
ലോണും കടങ്ങളും പപ്പയുടെ അദ്ധ്വാനവുമെല്ലാം വൃഥാവിലാക്കിയാണ് ഒരു ദിവസം അവൾ മറഞ്ഞുപോയത്…
എവിടേക്ക്…….?
എന്തിന്………..?
അവളുടെ പ്രണയം തന്നോടു പറഞ്ഞിരുന്നു…
പണക്കാരൻ പയ്യൻ……….!
ക്രിസ്റ്റഫർ ഡേവിസ്…
കോളേജിലെ ഓരോ പ്രശ്‌നങ്ങളും അതൊരു സംഘട്ടനത്തിൽ കലാശിച്ചതും അങ്ങനെ എല്ലാം തന്നെ പറഞ്ഞിരുന്നു…
ക്രിസ്റ്റി മരണപ്പെട്ട ശേഷം അവളാകെ മൗനത്തിലായിരുന്നു…
പുറത്തേക്കൊന്നും പോകാറുമില്ലായിരുന്നു…
കുറച്ചു നാളുകൾ വേണ്ടി വന്നു അവൾക്ക് അതിൽ നിന്നും വിടുതൽ നേടുവാൻ…
എന്നിരുന്നാലും നാടുവിട്ടു പോകാനോ മറ്റെന്തെങ്കിലും കടുംകൈ കാണിക്കുവാനോ മാത്രം ബുദ്ധിശൂന്യയല്ല അവൾ…
പണക്കാരനായ കാമുകനെ ഓർത്ത് കണ്ണീരൊഴുക്കി ജീവിതം കളയുവാൻ വിഡ്ഢിയുമല്ല…
പിന്നീടെന്തു സംഭവിച്ചു…?
ഒരു ജോലിക്കാര്യം ശരിയായിട്ടുണ്ടെന്നും അതിന്റെ ഇന്റർവ്യൂ ഉണ്ടെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയവൾ…………!
കോട്ടയത്തു തന്നെയുള്ള ഒരു ഫാൻസി ഷോപ്പിന്റെ സി.സി.ടി.വി ക്യാമറയിലാണ് അവളെ അവസാനമായി കണ്ടിരിക്കുന്നത്…
വർഷം മൂന്നാകുന്നു…
അതിനും ഒന്നോ ഒന്നരയോ വർഷം മുൻപാണ് ക്രിസ്റ്റി കൊല്ലപ്പെട്ടിരിക്കുന്നതും…
സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണിതൊക്കെ…